NATIIONAL
രാഹുല്‍ 52 പന്തിൽ 92, അവസാന പന്തുവരെ പൊരുതി ഡൽഹി ക്യാപിറ്റൽസ്; ഒടുവിൽ ഗുജറാത്തിന് ഒരു റൺ വിജയം

ന്യൂഡൽഹി∙ അവസാന പന്തുവരെ നീണ്ട നാടകീയത, വൈഡിനെച്ചൊല്ലി അഭിപ്രായ വ്യത്യാസങ്ങൾ. ഒടുവിൽ ഗുജറാത്തിനു ത്രില്ലർ വിജയം. ഐപിഎൽ 2026 സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് ആദ്യ വിജയം. ഒരു റണ്ണിനാണ് ഡൽഹി ക്യാപിറ്റല്‍സിനെ ഗുജറാത്ത് തോൽപിച്ചത്. റൺ അടിസ്ഥാനമാക്കി ഒരു ടീമിന്റെ ഏറ്റവും ചെറിയ വിജയമാണിത്. ഗുജറാത്ത് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡല്‍ഹിക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 209 റൺസെടുക്കാനാണു കഴിഞ്ഞത്. രണ്ടു മത്സരങ്ങൾ ജയിച്ചുവന്ന ഡൽഹിയുടെ ആദ്യ തോൽവിയും രണ്ടു മത്സരങ്ങൾ തോറ്റ ഗുജറാത്തിന്റെ ആദ്യ വിജയവുമാണിത്.സിറാജ് എറിഞ്ഞ 19–ാം ഓവറിൽ ഡേവിഡ് മില്ലറും വിപ്രജ് നിഗവും ചേർന്ന് 23 റൺസ് അടിച്ചുകൂട്ടിയതോടെ അവസാന ആറു പന്തുകളിൽ ഡൽഹിക്ക് 13 റൺസ് കൂടി മതിയായിരുന്നു. പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ പന്ത് വിപ്രജ് നിഗം ബൗണ്ടറി കടത്തിയെങ്കിലും അടുത്ത പന്തിൽ ഗിൽ ക്യാച്ചെടുത്ത് ഡൽഹി യുവതാരത്തെ പുറത്താക്കി. ബാറ്റിങ്ങിനിറങ്ങിയ കുൽദീപ് യാദവ് സിംഗിൾ എടുത്ത് മില്ലർക്ക് സ്ട്രൈക്ക് കൈമാറി. അവസാന മൂന്നു പന്തുകളിൽ ഡൽഹിക്കു വേണ്ടത് എട്ടു റൺസ്. നാലാം പന്ത് ലോങ് ഓഫിനു മുകളിലൂടെ സിക്സർ പറത്തി മില്ലർ ഡൽഹിയെ മത്സരത്തിലേക്കു തിരികെയെത്തിച്ചു. എന്നാൽ പ്രസിദ്ധിന്റെ അഞ്ചാം പന്ത് ഡോട്ട് ബോളായി. അവസാന പന്തിൽ ഡൽഹിക്കു വിജയത്തിലേക്ക് വേണ്ടത് രണ്ട് റൺസ്. എന്നാൽ കുൽദീപ് റൺഔട്ടായി. നാടകം അവിടെയും തീർന്നില്ല, ഡേവിഡ് മില്ലറിനെതിരെ എറിഞ്ഞത് വൈഡാണെന്ന സംശയത്തിൽ ഡൽഹി റിവ്യൂവിനു പോയി. തേർഡ് അംപയർ പരിശോധനകൾക്കു ശേഷം വൈഡല്ലെന്നു വിധിച്ചതോടെ ഗുജറാത്തിന് ഒരു റൺ വിജയം.സ്കോർ 19ൽ നിൽക്കെ ഓപ്പണർ സായ് സുദർശനെ (12) നഷ്ടമായെങ്കിലും ഗുജറാത്തിന് ക്യാപ്റ്റൻ ഗില്ലിന്റെയും ജോസ് ബട്ലറുടെയും ഇന്നിങ്സുകൾ കരുത്തായി. പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 റൺസടിച്ച ഗുജറാത്ത്, 9.5 ഓവറിൽ 100 പിന്നിട്ടു. സ്കോർ 79ല്‍ നിൽക്കെ ജോസ് ബട്ലറെ കുൽദീപ് യാദവ് ബോൾഡാക്കി. ക്യാപ്റ്റൻ ഗില്‍ തകർത്തടിച്ചതോടെ ഗുജറാത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. സ്കോർ 183ൽ നിൽക്കെ ലുങ്കി എൻഗിഡിയുടെ പന്തില്‍ നിതീഷ് റാണ ക്യാച്ചെടുത്ത് ഗിൽ പുറത്തായി. വാഷിങ്ടൻ സുന്ദറിനെ മുകേഷ് കുമാറാണു മടക്കിയത്. ഗുജറാത്ത് നിരയിൽ ഗ്ലെൻ ഫിലിപ്സും (14), രാഹുൽ തെവാത്തിയയും പുറത്താകാതെനിന്നു.
Source link


