വന്യമൃഗ ശല്യവും മഴക്കാലത്ത് ബുദ്ധിമുട്ടേറിയ തോടുകളുമുണ്ട്, പക്ഷെ സഞ്ചാരികൾക്ക് സ്വർഗമാണ് ഈ കാനനപാത

കോന്നി: അച്ചൻകോവിൽ-കോന്നി വനപാതയിലൂടെയുള്ള യാത്ര സമ്മാനിക്കുന്നത് മനോഹരമായ കാഴ്ചകൾ. തമിഴ്നാടിനെയും കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയ്ക്ക് പറയാൻ കഥകൾ ഏറെയാണ്. പാണ്ഡ്യരാജാക്കന്മാരുടെ കോന്നിയിലേക്കും തുടർന്ന് പന്തളത്തേക്കുമുള്ള വരവും ബ്രിട്ടീഷ് ആധിപത്യവും കണ്ടറിഞ്ഞ ഈ പാത സഞ്ചാരികളെ മനംമയക്കുന്ന കാനനഭംഗിയിലേക്ക് കൂട്ടിക്കൊണ്ടുപോകും.
അച്ചൻകോവിലാറിന് വടക്കേ കരയിലൂടെ കുമ്മണ്ണൂർ, നടുവത്തുമൂഴി, വയക്കര, കൊണ്ടോടി, കരിപ്പാതോട്, തുറ വഴിയായിരുന്നു ആദ്യത്തെ കോന്നി അച്ചൻ കോവിൽ വനപാത. തിരുവിതാംകൂർ വനം വകുപ്പ് നിർമ്മിച്ച ആദ്യ റോഡ് എന്ന പ്രത്യേകതയും ഈ പാതയ്ക്കുണ്ട്.
അച്ചൻകോവിലാറ് കടക്കുന്നതിനായി സർക്കാർ വക കടത്ത് സർവീസ് തുറയിൽ ഉണ്ടായിരുന്നു. ഈ പാതയ്ക്ക് സമീപമായി നിരവധി കാനന ക്ഷേത്രങ്ങളുടെയും ജനവാസ കേന്ദ്രങ്ങളുടെയും അവശിഷ്ടങ്ങൾ ഇന്നും കാണാൻ കഴിയും. വന്യമൃഗ ശല്യവും മഴക്കാലത്ത് നിരവധി തോടുകൾ മറികടക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനാണ് പാത പിന്നീട് ഉപേക്ഷിച്ചത്.
1967 ൽ പന്തളം പി ആർ മാധവൻ പിള്ള കോന്നി എം.എൽ.എ ആയിരുന്ന കാലത്താണ് അച്ചകോവിലാറിന് തെക്കു ദിശയിലൂടെയുള്ള ഇപ്പോഴത്തെ കോന്നി അച്ചകോവിൽ റോഡിന്റെ നിർമ്മാണം ആരംഭിക്കുന്നത് . ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കല്ലേലി എസ്റ്റേറ്റിൽക്കൂടിയായിരുന്നു റോഡ് നിർമ്മാണം. എസ്റ്റേറ്റിൽ കൂടിയുള്ള റോഡ് നിർമ്മാണത്തിന്റെ പകുതി തുക സർക്കാരും പകുതി തുക ഹാരിസൺ മലയാളം പ്ലാന്റേഷൻ മാനേജ്മെന്റുമാണ് വഹിച്ചത്. റോഡിലെ ആറ് കലുങ്കുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ 1985 വരെ കാത്തിരിക്കേണ്ടി വന്നു.
വന്യമൃഗങ്ങളുണ്ട്, സൂക്ഷിക്കണം
കല്ലേലിയിലെ വനം വന്യജീവി വകുപ്പിന്റെ ചെക്പോസ്റ്റിൽ നിന്ന് അനുമതി വാങ്ങിയതിനു ശേഷം വേണം ഈ പാതയിലൂടെയുള്ള സഞ്ചാരം. രാത്രിയിൽ യാത്ര നിരോധിച്ചിട്ടുണ്ട്. കാട്ടാനകൾ, കാട്ടുപോത്തുകൾ, മ്ലാവുകൾ, കരടികൾ, മയിലുകൾ എന്നിവയുടെ സാന്നിദ്ധ്യം എപ്പോഴുമുള്ള റോഡാണിത്. റോഡിലെ വളവുകളിൽ പുല്ല് വളർന്നുനിൽക്കുന്നതിനാൽ വാഹനങ്ങളിൽ എത്തുന്നവർക്ക് റോഡരികിൽ വന്യമൃഗങ്ങൾ നിൽക്കുന്നത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.
1942ൽ പ്രസിദ്ധീകരിച്ച ഒരു ബാലസാഹിത്യ കൃതിയിൽ പരമ്പരാഗത കോന്നി അച്ചൻകോവിൽ വനപാതയെ പറ്റി പരാമർശിക്കുന്നുണ്ട് .
ഡോ .അരുൺ ശശി ( ചരിത്ര ഗവേഷകൻ )
Source link



