NEWS
അമ്പിലും വില്ലിലും അടുക്കാതെ ഇറാൻ, ഹോർമുസിലെ സ്വാധീനം കുറയുന്നു? സമാധാനത്തിൽ ആശങ്ക; കുത്തനെ ഇടിഞ്ഞ് സ്വർണം

പശ്ചിമേഷ്യയിലെ ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ഇറാനും യുഎസും നടത്തുമെന്ന് കരുതിയ സമാധാന ചർച്ചയിൽ ആശങ്ക കനക്കുന്നു. യോഗത്തിനായി അമേരിക്കൻ പ്രതിനിധികൾ ഖത്തറിലേക്ക് തിരിച്ചെങ്കിലും ഇങ്ങനെയൊരു യോഗത്തെക്കുറിച്ചു അറിയില്ലെന്നാണ് ഇറാന്റെ പ്രതികരണം. യുഎസുമായി ഒപ്പിട്ട ധാരണപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കിയ ശേഷം മാത്രം അവസാന കരാറിനെക്കുറിച്ചുള്ള ചർച്ചകളിലേക്ക് കടക്കാമെന്നാണ് ഇറാന്റെ നിലപാട്. അതിനിടെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിർദേശം മറികടന്ന് കൂടുതൽ കപ്പലുകൾ ഒമാൻ തീരത്തിനടുത്തു കൂടി സഞ്ചരിക്കുന്നതായി മറൈൻ ട്രാഫിക്ക് ഡേറ്റ. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടു ഡസനോളം ചരക്കു കപ്പലുകൾ ഹോർമുസ് മറികടന്നു. തങ്ങൾ നിശ്ചയിച്ച കപ്പൽ പാതയിലൂടെ മാത്രമേ ഹോർമുസിലെ കപ്പൽ നീക്കം പാടുള്ളൂ എന്ന ഇറാന്റെ നിലപാടാണ് പുതിയ സംഘർഷത്തിലേക്ക് വഴിവെച്ചത്. എന്നാൽ ഒമാൻ തീരം വഴി കൂടുതൽ കപ്പലുകൾ നീങ്ങുന്നത് മേഖലയിൽ ഇറാന്റെ സ്വാധീനം കുറയുന്നതിന്റെ സൂചനയാണെന്നും വിലയിരുത്തൽ. ∙രണ്ടു ദിവസത്തെ തുടർച്ചയായ നേട്ടത്തിനു ശേഷം ഇന്ത്യൻ ഓഹരി വിപണി ഇന്നലെ നഷ്ടത്തിലായി. ക്രൂഡോയിൽ വില വർധനയും ഇറാൻ – യുഎസ് സംഘർഷവും സൃഷ്ടിച്ച ആശങ്കയ്ക്കിടയിൽ നിക്ഷേപകർ ലാഭമെടുപ്പ് കൂട്ടിയതാണ് വിപണിയെ ഇടിവിലാക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിലും ഇറാൻ – യുഎസ് സമാധാനകരാറിലും നിക്ഷേപകർക്കുള്ള ആശങ്കയും വിപണിയെ ചുവപ്പിലാക്കി.
Source link


