കര്‍ഷകര്‍ക്ക് ഇത് ‘ലോട്ടറി’; കിലോയ്ക്ക് വില 3000 കടന്ന് മുന്നോട്ട്

പ്രതീകാത്മക ചിത്രം
ഇടുക്കി: സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് മാസമായി സ്തംഭനാവസ്ഥയിലായിരുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പുനരാരംഭിച്ചതോടെ ഏലയ്ക്ക വിപണിയില്‍ വന്‍ വിലക്കയറ്റം. വിദേശ വിപണി സജീവമായതോടെ ആഭ്യന്തര വിപണിയിലും പച്ചപ്പൊന്നിന് റെക്കാഡ് വിലയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഈ വര്‍ഷം ആദ്യമായി കഴിഞ്ഞ ദിവസം ഒരു കിലോ ഏലയ്ക്കയുടെ ശരാശരി വില 3000 രൂപയും കടന്നു. 22ന് സ്പൈസസ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന ആര്.എന്‍.എസ് സ്പൈസസിന്റെ ഇലേലത്തില്‍ ശരാശരി വില 3001.04 രൂപയായി ഉയര്‍ന്നിരുന്നു. 2025 ഫെബ്രുവരി 12ന് രേഖപ്പെടുത്തിയ 3036 രൂപയ്ക്ക് ശേഷം ഇതാദ്യമായാണ് ശരാശരി വില വീണ്ടും മൂവായിരം തൊടുന്നത്.
ഗുണമേന്മയേറിയ ഏലക്കയ്ക്ക് ഓണ്‍ലൈന്‍ ലേലത്തില്‍ 3500 രൂപ വരെ സ്ഥിരമായി ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ വിപണിയില്‍ വില ഇനിയും വര്‍ദ്ധിക്കുമെന്ന സൂചനയുള്ളതിനാല്‍ കര്‍ഷകരും വ്യാപാരികളും വന്‍തോതില്‍ ഏലയ്ക്ക സംഭരിച്ചു തുടങ്ങിയിട്ടുണ്ട്. കയറ്റുമതി പുനരാരംഭിച്ചതിന് പുറമെ ആഭ്യന്തര വിപണിയിലെ ഉത്പാദനക്കുറവും വിലക്കയറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കടുത്ത വേനലില്‍ ഹൈറേഞ്ചിലെ വിവിധ പ്രദേശങ്ങളില്‍ ഏലച്ചെടികള്‍ക്ക് വ്യാപകമായി ഉണക്ക് ബാധിച്ചിരുന്നു. നിലവില്‍ മേഖലയില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ഉത്പാദനം പഴയപടിയായിട്ടില്ല.
ഏഴു വര്‍ഷം മുമ്പ് ഏഴായിരം
2019 ആഗസ്റ്റിലാണ് ഏലം വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. അന്ന് കിലോയ്ക്ക് 7000 രൂപ വരെ ലഭിച്ചിരുന്നു.
വിപണി വീണ്ടും സജീവമായതോടെ കര്‍ഷകര്‍ വലിയ ആവേശത്തിലാണ്. മുന്‍പ് ഏക്കറിന് രണ്ടുലക്ഷം രൂപ വരെ നല്കി ഭൂമി പാട്ടത്തിനെടുത്തിരുന്ന കര്‍ഷകര്‍, വിപണിയിലെ പുതിയ അനുകൂല സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ അതിലും ഉയര്‍ന്ന തുക നല്‍കാനും തയ്യാറാകുന്നുണ്ട്. – രാജന് മാധവന്, ഏലം വ്യാപാരി
Source link
NEWS


