NEWS

മലയാള സിനിമയിലെ ബോൾഡ് ആയ നടി, വിവാദങ്ങളെ പൂച്ചെണ്ടുകളാക്കിയ താരം; ‘അമ്മ’യിൽ ശ്വേതയ്ക്ക് സംഭവിച്ചത്


‘അമ്മ’ എന്ന താരസംഘടന മറ്റേതൊരു സംഘടനയെയും പോലെയല്ല. അത് ഒരു വിഭാഗം കലാകാരന്‍മാരുടെ കൂട്ടായ്മയാണ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് എന്താണ് ഇത്ര പ്രത്യേകത എന്ന ചോദ്യം ഉയരാം. അവര്‍ അടിസ്ഥാനപരമായി മറ്റുളളവരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. മിക്കവാറും എല്ലാ കലാകാരന്‍മാരും ഹൈപ്പര്‍ സെന്‍സിറ്റീവും ഈഗോയിസ്റ്റുകളുമാണ്. ഇത് ഒരു തെറ്റല്ല. അവരുടെ മാനസിക ഘടന ജന്മനാ ആ വിധത്തിലാണ് രൂപപ്പെട്ടിട്ടുളളത്. അതുകൊണ്ടാണ് അവര്‍ കലാകാരന്‍മാരായി മാറിയതും. അതുകൊണ്ട് തന്നെ പക്വതയോടെ കൈകാര്യം ചെയ്യേണ്ട പല വിഷയങ്ങളെയും വൈകാരികമായി സമീപിക്കുന്ന രീതി താരങ്ങള്‍ക്കുണ്ട്. അവര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയും കലഹിക്കുകയും കരയുകയും പിണങ്ങുകയും സ്‌നേഹിക്കുകയും ഒക്കെ ചെയ്യും. ഇന്നലെ വരെ ശത്രുക്കളായി പരസ്പരം മിണ്ടാതെ നടന്നവര്‍ ഇന്ന് തോളില്‍ കയ്യിട്ട് ചിരിച്ച് തമാശ പറഞ്ഞ് പോകുന്നത് കാണാം. ‘അമ്മ’യില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ രാഷ്ട്രീയ പശ്ചാത്തലമുളള മറ്റ് സംഘടനാ നേതാക്കളെ പോലെ നയപരമായും തന്ത്രപരമായും പെരുമാറാന്‍ തലപ്പത്തുളളവര്‍ക്ക് കഴിയാതെ പോകുന്നത് അതുകൊണ്ടാണ്. രാഷ്ട്രീയക്കാര്‍ ജീവിതത്തില്‍ നല്ല അഭിനേതാക്കളാണ്. എന്നാല്‍ സിനിമാ താരങ്ങള്‍ അങ്ങനെയല്ല. ക്യാമറയ്ക്ക് മുന്നില്‍ അഭിനയം കൊണ്ട് നമ്മെ അമ്പരപ്പിക്കുന്നവര്‍ ക്യാമറയ്ക്ക് പിന്നില്‍ തനി പച്ച മനുഷ്യരാണ്. ദേഷ്യം വന്നാല്‍ അവര്‍ അത് തുറന്ന് പ്രകടിപ്പിക്കും. സ്‌നേഹം കൂടിയാല്‍ ആശ്ലേഷിച്ചെന്നും വരും. ഇതൊക്കെ അസാധാരണമായി കാഴ്ചക്കാര്‍ക്ക് തോന്നാം. എന്നാല്‍ അവരുടെ ശരി അതാണ്.ഏത് പ്രതിസന്ധികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് പരിഹരിക്കാനും വ്യത്യസ്ത പ്രകൃതക്കാരായ സഹപ്രവര്‍ത്തകരെ യോജിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാനുമുളള നയചാതുര്യവും ക്ഷമയും സഹിഷ്ണുതയും എല്ലാം ചേരുമ്പോളാണ് ഒരാള്‍ നേതാവ് എന്ന നിലയില്‍ പൂർണതയിലെത്തുകയുളളു. ഇവിടെ ശ്വേത എത്രത്തോളം വിജയിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അതേ സമയം ഇന്നസന്റ് എന്ന മനുഷ്യന്റെ പാടവം ഇതുമായി ചേര്‍ത്തു വച്ച് വായിക്കപ്പെടേണ്ടതാണ്. വ്യക്തി ജീവിതത്തില്‍ ശ്വേത വളരെ ബോള്‍ഡായ ഒരു സ്ത്രീയാണെന്ന് പൊതുസമൂഹം ഉറച്ച് വിശ്വസിക്കുന്നു. അത് വാസ്തവവുമാണ്. പല വിഷയങ്ങളിലും മറ്റ് സ്ത്രീകള്‍ക്ക് അചിന്ത്യമാം വിധത്തില്‍ ധീരമായ നിലപാടുകള്‍ കൊണ്ട് സമൂഹത്തെ അമ്പരപ്പിച്ച വ്യക്തിയാണ് ശ്വേത.


Source link

Back to top button