NEWS

ഷിഗെല്ല പോലുള്ള രോഗങ്ങൾ ഈ വർഷം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു,​ ഉന്നതാധികാര  കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് കൈമാറി 

തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് മന്ത്രി കെ.മുരളീധരന് സമർപ്പിച്ചു. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ ഡോ.എസ്.എസ്.ലാൽ,കൺവീനർ ഡോ.ശ്രീജിത്ത്.എൻ.കുമാർ, അംഗം ഡോ.എ.അൽത്താഫ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് കൈമാറിയത്.

റിപ്പോർട്ട് വിശദമായി പരിശോധിച്ച് അടിയന്തര പ്രാധാന്യത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്ന് കെ.മുരളീധരൻ പറഞ്ഞു. കൂടുതൽ ചർച്ച നടത്തി. വിവിധ ജില്ലകളിലെ ഹോട്ട്‍സ്പോട്ടുകൾ സന്ദർശിച്ച് കമ്മിറ്റി വിശദമായ റിപ്പോർട്ട് പിന്നീട് നൽകും. നിപ എന്തുകൊണ്ട് പ്രത്യേക സ്ഥലങ്ങളിൽ മാത്രം കാണുന്നു, അമീബിക് മസ്തിഷ്കജ്വരത്തിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളിൽ സമിതി വിശദമായ പഠനം നടത്തും. പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ വേഗത്തിൽ ആശ്വാസം കിട്ടുന്നതിനുള്ള കമ്മിറ്റി ശുപാർശകൾ ഉടൻ നടപ്പിലാക്കും.

മുൻ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകളെക്കാൾ കുറവാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കമ്മിറ്റി വിലയിരുത്തി. അതേസമയം ഷിഗെല്ല പോലുള്ള ജലജന്യ രോഗങ്ങൾ ഈ വർഷം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. എൽ-നിനോ പ്രതിഭാസത്തിന്റെയും ആഗോള തലത്തിൽ സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളുടെയും തുടർച്ചയായി ഡെങ്കിപ്പനി, ചിക്കുൻഗുനിയ പോലുള്ള കൊതുക്ജന്യ രോഗങ്ങൾ വരും മാസങ്ങളിൽ കൂടുതൽ വ്യാപകമാകാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെ തുടരണം. പകർച്ചവ്യാധി പ്രതിരോധയജ്ഞം ഗോൾ എന്ന പേര് നൽകി പരിപാടികൾ നടപ്പാക്കണമെന്നും കമ്മിറ്റി ശുപാർശയുണ്ട്.


Source link
NEWS

Back to top button