‘ഊബർ ഓടാൻ ഇവിടെ അനുവദിക്കില്ല, ബോർഡ് വച്ചിട്ടുണ്ട്’; കോവളത്ത് ഓൺലൈൻ ടാക്സികൾക്ക് വിലക്ക്? വാഹനം തടഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന കോവളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് നേരെയുള്ള വിലക്കും തടയലും തുടരുന്നു. കഴിഞ്ഞ ദിവസം കോവളത്തെ ഒരു റിസോർട്ടിൽ നിന്ന് യാത്രക്കാരെ പിക്കപ്പ് ചെയ്യാൻ എത്തിയ ഊബർ ടാക്സിയെ പ്രദേശിക ടാക്സി ഡ്രൈവമാർ ചേർന്നു തടഞ്ഞു. ഊബർ ഡ്രൈവർ തടയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരുന്നു.
ഓൺലൈൻ ട്രിപ്പ് അനുവദിക്കില്ലെന്നും ഇക്കാര്യം എഴുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും പ്രദേശിക ടാക്സി ഡ്രൈവർ പറയുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. വാഹനം തടഞ്ഞതോടെ ഊബർ ഡ്രൈവർ യാത്രക്കാരനെ വിളിച്ച് കാര്യം പറയുന്നതും തനിക്ക് ട്രിപ്പ് ക്യാൻസൽ ചെയ്യുകയല്ലാതെ മറ്റ് വഴിയില്ലെന്നും പറയുന്നുണ്ട്. കോവളം മേഖലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് നേരെയുള്ള തടയൽ രൂക്ഷമാണെന്ന് ഊബർ ഡ്രൈവർ വ്യക്തമാക്കുന്നു. ചില ടാക്സി ഡ്രൈവർമാർ മോശമായി പെരുമാറാറുണ്ടെന്നും എന്നാൽ ഇന്നലെ തടഞ്ഞ ടാക്സി ഡ്രൈവർ തന്നോട് കാര്യം പറഞ്ഞ് വണ്ടി തിരിച്ചുവിടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലേക്കെത്തുന്ന വിദേശ സഞ്ചാരികളടക്കം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഒന്നാണ് ഊബർ സർവീസ്. ഇത്തരം സർവീസുകൾക്ക് നേരെ വിലക്കും തടയലും തുടർന്നാൽ ടൂറിസം മേഖലയിൽ കനത്ത തിരിച്ചടി സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. വിഷയത്തിൽ അധികൃതർ കൃത്യമായ രീതിയിൽ ഇടപെടണമെന്നാണ് ഓൺലൈൻ ടാക്സി ഡ്രൈവർമാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.
Source link
NEWS


