NEWS

മുല്ലപ്പെരിയാർ വിദഗ്‌ദ്ധസമിതിയിൽ നിന്ന് കേരള പ്രതിനിധിയെ മാറ്റി, പകരം നിയമിച്ചത് യുപി സ്വദേശിയെ

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിലെ വിദഗ്‌ദ്ധ സമിതിയിൽനിന്ന് കേരളപ്രതിനിധിയെ നീക്കി പുതിയ ഉത്തരവ്. കേരളപ്രതിനിധി ടികെ ശിവരാജനെ മാറ്റി തൽസ്ഥാനത്തേയ്‌ക്ക് ഉത്തർപ്രദേശ് സ്വദേശി എംഎൽ ശർമ്മയെ ആണ് നിയമിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജൻ ഒഴിഞ്ഞെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി ഡാം സുരക്ഷാ അതോറിറ്റി രൂപീകരിച്ച സ്വതന്ത്ര വിദഗ്‌ദ്ധ സമിതിയിൽനിന്നാണ് ശിവരാജിനെ പുറത്താക്കിയത്.

ഐഐടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനിയറിംഗ് വിഭാഗം അദ്ധ്യാപകനും ഇന്റർനാഷണൽ സെന്റർ ഒഫ് എക്‌സലൻസ് ഒഫ് ഡാംസ് മേധാവിയുമാണ് എംഎൽ ശർമ്മ. മുല്ലപ്പെരിയാർ ഡാമിന്റെ പരിശോധനകൾക്കായി ഈ വർഷം ജനുവരി ആറിനാണ് ആദ്യ സമിതി രൂപീകരിച്ചത്. 2021ലെ ഡാം സുരക്ഷാ നിയമപ്രകാരമാണ് സമിതി രൂപീകരിച്ചത്. ബൽരാജ് ജോഷി സമിതി ചെയർമാനും ഗോപാൽ ധവാൻ, ഗുൽഷൻ രാജ്, എൻ ശിവകുമാർ എന്നിവർ മറ്റംഗങ്ങളുമായിരുന്നു.

സമിതി അംഗങ്ങളിലുണ്ടായ മാറ്റം ഒഴികെ ജനുവരി 26ലെ ഉത്തവിലും നിബന്ധനകളിലും മാറ്റമില്ലെന്ന് ഡാം സുരക്ഷാ അതോറിറ്റി വ്യക്തമാക്കി. ഉത്തരവിന്റെ പകർപ്പുകൾ കേരള അഡീഷണൽ ചീഫ് സെക്രട്ടറിക്കും തമിഴ്‌നാട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.


Source link
NEWS

Back to top button