NEWS

ആലപ്പുഴയെ ബ്ലൂ ഇക്കോണമിയുടെ തലസ്ഥാനമാക്കും; എന്താണ് ബജറ്റിൽ പറഞ്ഞ ബ്ലൂ ഇക്കോണമി?


ആലപ്പുഴ ∙ രാജ്യത്തെ ബ്ലൂ ഇക്കോണമിയുടെ തലസ്ഥാനമായി ആലപ്പുഴയെ മാറ്റുമെന്നും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളെ കൂട്ടിയിണക്കി ദേശീയ പ്രാധാന്യമുള്ള ദക്ഷിണ കേരള സാമ്പത്തിക ഇടനാഴി സൃഷ്ടിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനം ജില്ലയുടെ വ്യവസായ കുതിപ്പിനു സഹായകമാകും. കൃഷിയും മത്സ്യബന്ധനവും ജീവനോപാധിയാക്കിയ ജില്ലയ്ക്ക് സംസ്ഥാനത്തിന്റെ വ്യാവസായിക ഭൂപടത്തിലേക്കു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ചുവടുവയ്പാകും ഈ പ്രഖ്യാപനമെന്നാണു പ്രതീക്ഷ. പ്രാഥമിക നടപടികൾക്കായി 3 ജില്ലകൾക്കും കൂടി 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.കടൽ, കായൽ, നദികൾ തുടങ്ങിയവ ഉപയോഗിച്ചു സാമ്പത്തികവളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന വികസന മാതൃകയാണ് ബ്ലൂ ഇക്കോണമി. മത്സ്യബന്ധനം, മത്സ്യക്കൃഷി, മത്സ്യോൽപാദന അനുബന്ധ വ്യവസായങ്ങൾ എന്നിവ ഇതിലെ പ്രധാന ഘടകമാണെന്നതു മത്സ്യത്തൊഴിലാളികൾക്കു പ്രതീക്ഷ നൽകുന്നു. തീരദേശ വിനോദസഞ്ചാരം, കപ്പൽ ഗതാഗതം, സമുദ്രാധിഷ്ഠിത ഊർജ ഉൽപാദനം എന്നിവയും ബ്ലൂ ഇക്കോണമിയിലെ പ്രധാന ഘടകങ്ങളാണ്. വാട്ടർ സ്പോർട്സും ക്രൂസ് ടൂറിസവും ഉൾപ്പെടെ തീരദേശവും കായലുകളും കേന്ദ്രീകരിച്ചുള്ള കൂടുതൽ വിനോദസഞ്ചാരപദ്ധതികൾ ആലപ്പുഴയിലേക്കെത്തിയേക്കും.കടലിലെ മത്സ്യസമ്പത്ത് മാത്രമല്ല, ധാതുസമ്പത്ത്, കടൽജീവികളെയും സസ്യങ്ങളെയും ഉപയോഗിച്ചുള്ള ഔഷധനിർമാണം, തിരമാലകളിൽ നിന്നുള്ള ഊർജോൽപാദനം, കടൽപ്പായൽ കൃഷി, കൂടുമത്സ്യക്കൃഷി, ടൂറിസം എന്നിവയെല്ലാം ബ്ലൂ ഇക്കോണമിയുടെ ഭാഗമാണ്. 590 കിലോമീറ്റർ കടൽതീരമുള്ള കേരളത്തിൽ ബ്ലൂ ഇക്കോണമി നടപ്പാക്കുന്നതോടെ സമ്പദ്‌വ്യവസ്ഥ ഉണരും; ഒപ്പം തൊഴിലവസരങ്ങളുമുണ്ടാകും.


Source link

Back to top button