വിമാനത്തിലെ പ്രതിഷേധക്കാരെ ആക്രമിച്ച കേസ്; ഇപി ജയരാജന് തിരിച്ചടി, തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസില്‍ സിപിഎം നേതാവ് ഇപി ജയരാജനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ഇപി ജയരാജന് ക്ലീൻ ചിറ്റ് നൽകി പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയാണ് കോടതിയുടെ നിർണായക നടപടി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാൻ കോടതി പൊലീസിന് നിർദേശം നൽകി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
2022 ജൂൺ 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തിൽ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ പ്രവർത്തകരെ ഇപി ജയരാജൻ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫർസീൻ മജീദ് അടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പരാതി നൽകിയത്.
ഈ പരാതിയിൽ വലിയതുറ പൊലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ജയരാജനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ട് തള്ളിയ കോടതി കേസ് എഴുതിത്തള്ളാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. ഇപി ജയരാജനും ഗൺമാൻ അനിൽകുമാറിനും എതിരായ പരാതിയിൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് നൽകണമെന്നുമാണ് കോടതിയുടെ ഉത്തരവ്.
Source link
NEWS


