NEWS

ശ്രീലേഖ മാഡത്തിന്റെ ആരോപണം കണ്ട് ഞെട്ടിപ്പോയി, ആ കഥയ്ക്ക് യാതൊരു സാമ്യവുമില്ല: മറുപടിയുമായി ‘ദൃഢം’ സംവിധായകൻ


‘ദൃഢം’ എന്ന ചിത്രം തന്റെ ചെറുകഥ കോപ്പിയടിച്ചതാണെന്ന മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ആരോപണത്തോട് പ്രതികരിച്ച് സംവിധായകൻ മാർട്ടിൻ ജോസഫ്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്നും വാർത്ത കേട്ടപ്പോൾ തങ്ങൾ അദ്ഭുതപ്പെട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈനിനോട് പ്രതികരിക്കവെയാണ് അദ്ദേഹം സിനിമയുടെ പിന്നണിയിലെ വസ്തുതകൾ വ്യക്തമാക്കിയത്. ശ്രീലേഖ തന്റെ ആരോപണങ്ങളെ സാധൂകരിക്കാനായി  പങ്കുവച്ച യൂട്യൂബ് ലിങ്ക് താൻ ഇന്നാണ് കാണുന്നത്. എന്നാൽ പശ്ചാത്തലത്തിലെ സമാനതകൾക്കപ്പുറം കഥകൾ തമ്മിൽ യാതൊരു ബന്ധവുമില്ല. വയനാട് നടന്ന ഒരു യഥാർഥ സംഭവത്തിൽ നിന്നാണ് എഴുത്തുകാർക്ക് കഥയെഴുതാനുള്ള പ്രചോദനം ലഭിച്ചത്. സിനിമ കണ്ടവർക്ക് കഥകൾ തമ്മിലുള്ള വ്യത്യാസം കൃത്യമായി മനസ്സിലാകുമെന്നും അല്ലാത്തവർ രണ്ട് സൃഷ്ടികളും കണ്ട് സ്വയം വിലയിരുത്തട്ടെ എന്നും മാർട്ടിൻ ജോസഫ്  പറഞ്ഞു.   ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലമുണ്ട്, അത് എല്ലാ കഥകളിലും പശ്ചാത്തലങ്ങൾ സെയിം ആകുന്നത് കൊണ്ടാകാം. സിനിമ കണ്ട ആൾക്കാർക്ക് ഇതിൽ സാമ്യമുണ്ടോ ഇല്ലയോ എന്ന് കൃത്യമായി അറിയാം; കാണാത്തവർ കാണുക, അത്രയേ എനിക്ക് പറയാനുള്ളൂ. കാരണം ഞങ്ങൾക്ക് ഇതിനകത്ത് യാതൊരു ബന്ധവുമില്ല, ഇതൊരു തെറ്റിദ്ധാരണ ആയിരിക്കും. സിനിമയുടെ എഴുത്തുകാരുമായി സംസാരിച്ച് ഞാൻ ഇത് ഉറപ്പിച്ചു, അവരും ആദ്യമായിട്ടാണ് ഈ വിഡിയോ കാണുന്നത്. 


Source link

Back to top button