രണ്ട് ലക്ഷത്തിലധികം രൂപ ശമ്പളം, മാസാവസാനം അക്കൗണ്ട് കാലി; ദമ്പതികളുടെ ജീവിതച്ചെലവു കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

മുംബയ്: പ്രതിമാസം രണ്ട് ലക്ഷത്തിലധികം രൂപ വരുമാനമുണ്ടായിട്ടും ജീവിക്കാന് പണം തികയുന്നില്ലെന്ന ദമ്പതികളുടെ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പ്രതിമാസം 2.2 ലക്ഷം രൂപ വരുമാനമുണ്ടായിട്ടും മാസാവസാനമാകുമ്പോൾ തങ്ങളുടെ കൈവശം പണമില്ലാത്ത അവസ്ഥയാണെന്നാണ് മുംബയ് സ്വദേശികളായ ദമ്പതികളുടെ വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവച്ച ഇവരുടെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
“എനിക്കും പങ്കാളിക്കും കൂടി പ്രതിമാസം 2.2 ലക്ഷം രൂപ വരുമാനമുണ്ട്. ഞങ്ങൾ ഞങ്ങളുടെ മാതാപിതാക്കളിൽ നിന്നും മാറി ഒരു ബിഎച്ച്കെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. എന്നാൽ കയ്യിൽ പണമൊന്നും ബാക്കിയാക്കാൻ സാധിക്കുന്നില്ല. ബഡ്ജറ്റ് കൃത്യമാക്കാൻ സഹായിച്ചാൽ വലിയ ഉപകാരമായിരുന്നു.”- എന്നാണ് ദമ്പതികളുടെ പോസ്റ്റ്. പ്രതിമാസ ചെലവുകളുടെ വിശദമായ വിവരങ്ങളും ഇവർ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റ് പ്രകാരം മുംബയിലെ ഫ്ലാറ്റിന്റെ ഒരുമാസത്തെ വാടക 44000 രൂപയാണ്. വൈദ്യുതിബില്ല് 5000 മുതൽ 6000 രൂപ വരെ വരാറുണ്ട്. ദിവസേനയുള്ള ഇരുവരുടെയും യാത്രാച്ചെലവുകൾക്കായി പ്രതിമാസം 5000 മുതൽ 6000 രൂപ വരെ ചെലവാകുന്നുണ്ട്. വീട്ടുജോലിക്കാരിക്ക് 8000 രൂപയും പലചരക്ക് സാധനങ്ങൾ, പാചക വാതകം, മറ്റ് വീട്ടുച്ചെലവുകൾ എന്നിവയ്ക്കായി ഏകദേശം 20000 രൂപയുമാണ് ഒരുമാസം ഇവർക്ക് ചെലവാകുന്നത്.
60000 രൂപ നിക്ഷേപങ്ങൾക്കായി മാറ്റിവയ്ക്കുന്നുണ്ടെന്നും പോസ്റ്റിൽ ദമ്പതികൾ വ്യക്തമാക്കുന്നുണ്ട്. കൂടാതെ മരുന്നുകൾക്കായി ഏകദേശം 5000 രൂപയും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രകൾക്കും കൂടിക്കാഴ്ചകൾക്കുമായി ഓരോ മാസവും 12000 മുതൽ 13000 രൂപ വരെയാണ് ചെലവാകുന്നത്. അവശേഷിക്കുന്ന പണം വസ്ത്രങ്ങൾ, വാച്ച്, പെർഫ്യൂം എന്നിങ്ങനെയുള്ള സാധനങ്ങൾ വാങ്ങുന്നത് വഴി തീർന്നുപോകുമെന്നും ഇവർ പറയുന്നു. ഈ ചെലവുകൾക്ക് ശേഷവും തങ്ങളുടെ കൈവശം ഏകദേശം 60000 രൂപ അവശേഷിക്കേണ്ടതാണെന്നും എന്നാൽ മാസം അവസാനിക്കുമ്പോൾ പണം കയ്യിലില്ലാത്ത അവസ്ഥയിലെത്തുമെന്നും ഇവർ പോസ്റ്റിൽ പറയുന്നു.
സോഷ്യൽ മീഡിയയിലെ പോസ്റ്റ് വൈറലായതിന് പിന്നാലെ നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കൾ ഇതിനോട് പ്രതികരിച്ച് രംഗത്തെത്തി. ബാക്കി വരുന്ന 60000 രൂപ എങ്ങോട്ടാണ് പോകുന്നതെന്ന് കൃത്യമായി രേഖപ്പെടുത്താൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ എവിടെയാണ് ചെലവ് കുറയ്ക്കേണ്ടതെന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു. മാറിമാറി വരുന്ന മാസങ്ങളിൽ നിങ്ങൾ വിലകൂടിയ വാച്ചുകളും പെർഫ്യൂമുകളും വാങ്ങാനാണ് പണം ചെലവഴിക്കുന്നതെങ്കിൽ നിങ്ങളെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ കമന്റ്. അനാവശ്യമായി പണം ചെലവഴിക്കുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് ഭൂരിഭാഗംപേരും അഭിപ്രായപ്പെട്ടു.
Source link


