NEWS

കണ്ണിൽ ‘കുത്തിക്കയറുന്ന’ മഞ്ഞ ലൈറ്റുകളുടെ ഉപയോഗം വർധിക്കുന്നു; നിർദേശങ്ങൾ ആരും ഗൗനിക്കുന്നില്ല


ആയൂർ ∙ വാഹനങ്ങളിൽ മഞ്ഞ ലൈറ്റുകളുടെ ഉപയോഗം വർധിച്ചതു രാത്രി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പ്രൊജക്ടഡ് വിഭാഗത്തിലുള്ള മഞ്ഞ ലൈറ്റുകളാണ് ഇപ്പോൾ വാഹനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. രാത്രി മാത്രമല്ല പകലും ഇത്തരം ലൈറ്റുകൾ പ്രകാശിപ്പിച്ചാണ് ചില വാഹനങ്ങൾ പോകുന്നത്. ഇതുപയോഗിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കണ്ണിലേക്കു വെളിച്ചം തുളച്ചു കയറുന്നതിനാൽ ഇവരുടെ കാഴ്ച മറയുന്നു. മഞ്ഞു മൂടിയ പ്രദേശങ്ങളിലെ വാഹനങ്ങളിലാണ് സാധാരണയായി തീവ്രത കുറഞ്ഞതും അംഗീകാരമുള്ളതുമായ മഞ്ഞ ലൈറ്റുകൾ ഉപയോഗിക്കുന്നത്. ആവശ്യം കഴിഞ്ഞാൽ ഇത്തരം ലൈറ്റുകൾ മൂടിവയ്ക്കുകയും വേണം. എന്നാൽ ഈ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് മഞ്ഞ് ഇല്ലാത്ത സ്ഥലങ്ങളിലെ വാഹനങ്ങളിൽ ഫോഗ് ലാംപുകളായി നിരോധിത മഞ്ഞ ലൈറ്റുകൾ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങൾ പിടിക്കപ്പെട്ടാൽ 5000 രൂപയാണ് മോട്ടർ വാഹന വകുപ്പ് പിഴ ചുമത്തുന്നത്. എആർഎഐ അംഗീകാരമുള്ള ലൈറ്റുകളിൽ നിന്നുള്ള വെളിച്ചത്തിനു തീവ്രത കുറവാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇവ ഒഴിവാക്കി തീവ്രത കൂടിയ പ്രൊജക്ടഡ് വിഭാഗത്തിലെ ലൈറ്റുകൾ ഉപയോഗിക്കുന്നത്. ഇരുചക്ര വാഹനങ്ങളിൽ പോലും അലങ്കാരത്തിനായി മഞ്ഞ ലൈറ്റുകൾ ഉപയോഗിക്കുന്ന പ്രവണത വർധിച്ചു വരികയാണ്. പ്രൊജക്ടഡ് മഞ്ഞ ലൈറ്റുകളുടെ ഉപയോഗം കുറയ്ക്കാൻ പരിശോധനയ്ക്കൊപ്പം ബോധവൽക്കരണം കൂടി നടത്തണമെന്ന ആവശ്യം ശക്തമാണ്.


Source link

Back to top button