NEWS
ദേശീയപാത 66ൽ കുഴിയടയ്ക്കൽ വെറും പ്രഹസനം; അടയ്ക്കുന്ന കുഴികൾ അടുത്ത മഴയിൽ വീണ്ടും കുഴിയാകുന്നു

പറവൂർ ∙ കുഴിയടയ്ക്കൽ എന്ന പേരിൽ നിലവിലെ ദേശീയപാത – 66ൽ നടത്തുന്നതു വെറും പ്രഹസനം. അടയ്ക്കുന്ന കുഴികൾ അടുത്ത മഴയിൽ വീണ്ടും കുഴിയാകുന്നു. അധികൃതരുടെ തട്ടിക്കൂട്ട് പണികൾക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. കുഴിയിൽ ചാടി ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടു മറിയുന്നതു പതിവാകുന്നു. മഴ ശക്തമായതോടെ നിലവിലെ വരാപ്പുഴ – മൂത്തകുന്നം ദേശീയപാത – 66 തകർന്നു തരിപ്പണമായി. ഘണ്ഠാകർണൻ വെളിയിൽ കഴിഞ്ഞ ദിവസം സഞ്ചാരം അസാധ്യമായതോടെ വാഹനങ്ങൾ വഴിതിരിച്ചു വിട്ടു താൽക്കാലികമായി റോഡ് നിരപ്പാക്കിയെങ്കിലും പിറ്റേന്നു തന്നെ മഴയിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. ശക്തമായ മഴയുള്ളപ്പോൾ ചെറിയപ്പിള്ളി മുതൽ ഘണ്ഠാകർണൻ വെളി വരെ യാത്ര ദുഷ്കരമാണ്.ആളെ വീഴിക്കാൻ പോന്ന ആനക്കുഴികളും ചെളിയും വെള്ളക്കെട്ടും കാരണം വാഹനങ്ങൾക്കു സുഗമമായി പോകാനാകില്ല. വാഹനം മറിയാതെ ഇവിടം കടന്നുകിട്ടാൻ ഇരുചക്ര വാഹനയാത്രികർ പ്രയാസപ്പെടുന്നു. കാൽനടയാത്രയും ദുരിതമാണ്. ഇന്നലെ മുനമ്പം കവലയിൽ താൽക്കാലിക കുഴിയടയ്ക്കൽ നടത്തിയെങ്കിലും ഗുണനിലവാരമില്ലെന്നും അടുത്ത മഴയിൽ വീണ്ടും കുഴിയാകുമെന്നും നാട്ടുകാർ പറഞ്ഞു. ദേശീയപാതയുടെ ഒട്ടേറെ ഭാഗങ്ങളിൽ ഇനിയും മൂടാത്ത അനേകം കുഴികളുണ്ട്. അധികൃതരുടെ അനാസ്ഥ അപകടങ്ങൾ വർധിക്കാനും ആളുകൾക്കു ഗുരുതര പരുക്കുകളും മരണം വരെ സംഭവിക്കാനും കാരണമായേക്കാം. അതിനാൽ, പെട്ടെന്നു പൊളിഞ്ഞു പോകാത്ത തരത്തിൽ ടാർ ഉപയോഗിച്ചു കുഴികൾ അടയ്ക്കാൻ നടപടിയുണ്ടാകണം.
Source link


