NEWS
സിപിഎം ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ സ്കൂൾ കവാടത്തിന്റെ തൂണിൽ പാർട്ടിപ്പേര്; വിവാദമായപ്പോൾ നീക്കി

അംഗഡിമുഗർ ∙ പുത്തിഗെ അംഗഡിമുഗർ ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ കവാടത്തിൽ സിപിഎം ബാഡൂർ ലോക്കൽ കമ്മിറ്റി എന്നെഴുതിയത് നീക്കി. സിപിഎം നേതാവ് കെ.എസ്.അബ്ദുൽ റഹ്മാന്റെ സ്മരണയ്ക്കായി ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ കവാടത്തിന്റെ തൂണിലാണ് ചുവപ്പ് നിറത്തിൽ കെ.എസ്.മെമ്മോറിയൽ ഗേറ്റ്, സിപിഐഎം ബാഡൂർ ലോക്കൽ കമ്മിറ്റിയെന്ന് എഴുതി വച്ചത്. സംഭവം വിവാദമായതോടെ പാർട്ടി തന്നെ ഇടപെട്ട് എഴുത്തുകൾ കഴിഞ്ഞ ദിവസം രാത്രി നീക്കി.സംഭവം ജില്ലാ പഞ്ചായത്ത് യോഗത്തിൽ ചർച്ചയായി. സ്കൂൾ ഉൾപ്പെടുന്ന ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം കോൺഗ്രസിലെ ജെ.എസ്.സോമശേഖരയാണ് വിഷയം അവതരിപ്പിച്ചത്. ഇത് യുഡിഎഫ് അംഗങ്ങൾ ഏറ്റെടുക്കുകയും ചെയതു. എൽഡിഎഫ് അംഗം സംഭവത്തെ ന്യായീകരിച്ചതോടെ വാക്കേറ്റവുമുണ്ടായി. വർഷങ്ങൾക്ക് മുൻപ് ബാഡൂർ ലോക്കൽ കമ്മിറ്റി കമാനം നിർമിച്ചു നൽകിയിരുന്നുവെന്നും റോഡ് നവീകരിച്ചതോടെ മൂന്നരലക്ഷം രൂപ ചെലവിൽ കമാനം മാറ്റിനിർമിച്ചെന്നുമാണ് പാർട്ടി വിശദീകരണം. വിദ്യാഭ്യാസ മന്ത്രിക്കും കോൺഗ്രസ് അംഗം സോമശേഖര പരാതി അയച്ചിരുന്നു. ഇതിനിടയിലാണ് പാർട്ടി തന്നെ ഇടപെട്ട് പേര് നീക്കം ചെയ്തത്.
Source link


