NEWS
‘ശ്രീലങ്കയിലെ ഈസ്റ്റർദിന ഭീകരാക്രമണത്തിന്റെ സൂത്രധാരൻ മുൻ ഇന്റലിജൻസ് മേധാവി’: വെളിപ്പെടുത്തൽ പാർലമെന്റിൽ

കൊളംബോ ∙ ശ്രീലങ്കയിൽ 2019 ലെ ഈസ്റ്റർ ദിനത്തിൽ 237 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരൻ രാജ്യത്തിന്റെ മുൻ രഹസ്യാന്വേഷണ മേധാവി സുരേഷ് സല്ലായി ആണെന്ന് അന്വേഷണങ്ങളിൽ കണ്ടെത്തിയെന്ന് പൊതുസുരക്ഷാ മന്ത്രി ആനന്ദ വിജെപാല. ആക്രമണം നടത്തേണ്ട ദേവാലയം തിരഞ്ഞെടുത്തത് സുരേഷ് സല്ലായി ആണെന്നും ആനന്ദ വിജെപാല പറഞ്ഞു. പാർലമെന്റിലാണ് ആനന്ദ വിജെപാല ഈ പ്രസ്താവന നടത്തിയത്. ഭീകരാക്രമണവുമായി മേജർ ജനറൽ സുരേഷ് സല്ലായിയെ നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യത്തെ ഔദ്യോഗിക പ്രസ്താവനയാണിത്. ഭീകരാക്രമണത്തിന് സഹായവും പ്രേരണയും നൽകിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരേഷ് സല്ലായിയെ ഫെബ്രുവരിയിൽ അറസ്റ്റു ചെയ്തിരുന്നു. ഭീകരാക്രമണത്തിന് മൂന്ന് ആഴ്ച മുൻപ് സല്ലായി ഏതാനും പേരുമായി കൂടിക്കാഴ്ച നടത്തുകയും ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കുറിച്ചും ആരാധനാലയത്തിൽ എത്തുന്ന ആളുകളെ കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഭീകരവാദ നിരോധന നിയമപ്രകാരം തടവിലിരിക്കെ ഞായറാഴ്ച നിരാഹാര സമരം ആരംഭിച്ചതിനെ തുടർന്ന് സല്ലായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിജയപാൽ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധപ്പെട്ട നാഷനൽ തവ്ഹീദ് ജമാഅത്ത് എന്ന പ്രാദേശിക സംഘടനയിലെ 9 ചാവേറുകളാണ് 2019 ഏപ്രിൽ 21ന് 3 ക്രിസ്ത്യൻ പള്ളികളിലും 3 ആഡംബര ഹോട്ടലുകളിലും ഭീകരാക്രമണം നടത്തിയത്.
Source link


