NEWS
ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിന്റെ കാരണങ്ങൾ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മിഷൻ

തൊടുപുഴ ∙ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ചിന്നക്കനാലിൽ ഉണ്ടായ കാട്ടാന ആക്രമണത്തിന്റെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മൂന്നാർ ഡിഎഫ്ഒയ്ക്ക് നിർദേശം നൽകി. കാട്ടാനകൾക്ക് സുഗമമായി കടന്നു പോകാനുള്ള ആനത്താരകൾ ഇല്ലാത്തത് കാരണമാണോ ആക്രമണങ്ങൾ വർധിക്കുന്നതെന്ന് കണ്ടെത്തണം. ഇത്തരം ആക്രമണങ്ങൾ തടയാൻ സ്വീകരിച്ച മാർഗങ്ങളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ജൂൺ 9ന് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ അനന്തരാവകാശികളുടെ വിശദ വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകണം. കുടുംബത്തിന് നിയമപ്രകാരം നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് 3 ആഴ്ചയ്ക്കകം കമ്മിഷനിൽ സമർപ്പിക്കണം. മക്കളെ സ്കൂൾ ബസിൽ കയറ്റിവിടാൻ പോയപ്പോഴാണ് യുവതിയെ കാട്ടാന ചവിട്ടിക്കൊന്നത്. ഒരു വർഷം മുൻപ് യുവതിയുടെ ഭർത്താവ് രോഗബാധിതനായി മരിച്ചു. ഇതോടെ പതിനഞ്ചും പതിനൊന്നും വയസ്സുള്ള രണ്ടു കുട്ടികൾ അനാഥരായി. അച്ഛനും അമ്മയും മരിച്ച സാഹചര്യത്തിൽ മക്കൾക്ക് നഷ്ടപരിഹാരം എങ്ങനെയാണ് നൽകുന്നത് എന്നതിന്റെ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉണ്ടാവണം. കുട്ടികളെ പട്ടികവർഗ വികസന വകുപ്പിന്റെയോ അതോ മറ്റേതെങ്കിലും എയ്ഡഡ് ബോർഡിങ് സ്കൂളിലോ ചേർത്തോ എന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ വിലയിരുത്തണം. ഡിഎഫ്ഒ, ജില്ലാ പട്ടികവർഗ വികസന ഓഫിസർ, ജില്ലാ സാമൂഹിക നീതി ഓഫിസർ എന്നിവരുടെ സേവനം ഇക്കാര്യത്തിൽ ജില്ലാ കലക്ടർക്ക് തേടാവുന്നതാണ്.
Source link


