NEWS
‘ഞാൻ അവനെ കുത്തി’; മദ്യപാനത്തിനിടെ തർക്കം; സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്

ശാസ്താംകോട്ട∙ കൊല്ലം ശാസ്താംകോട്ടയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ശാസ്‌താംകോട്ട – ചവറ പ്രധാന പാതയിൽ വേങ്ങ മാമ്പുഴ മുക്കിൽ ബൈക്ക് വർക്ക്ഷോപ്പ് നടത്തുന്ന മൈനാഗപ്പള്ളി കോവൂർ രേഷ്‌മ ഭവനിൽ ഷിബു(41) വിനെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പട്ടകടവ് വലിയവിള വീട്ടിൽ ഉന്മേഷ് (42) സംഭവ സ്ഥലത്ത് നിന്നും പൊലീസിന്റെ പിടിയിലായി. ‘ഞാൻ അവനെ കുത്തി..’ വീടിനു മുന്നിലിരുന്ന് മദ്യലഹരിയിൽ സമീപവാസികളോട് ഉന്മേഷ് പറഞ്ഞ വാക്കുകളിൽ നിന്നാണ് കോവൂരിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത്. പട്ടകടവ് പുളിക്കമുക്കിലുള്ള ഉന്മേഷിന്റെ വീട്ടിലിരുന്നു ഇരുവരും മദ്യപിക്കുന്നതിനിടെ നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വീടിനുള്ളിലെ മുറിയിൽ രക്തം വാർന്നു വീണു കിടന്ന ഷിബുവിനെ പരിസര വാസികൾ ചേർന്നു രാത്രി എട്ട് മണിയോടെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മദ്യപിക്കുന്നതിനിടെ നടന്ന തർക്കത്തെ തുടർന്നു ഉന്മേഷ് കത്തി കൊണ്ട് ഷിബുവിൻ്റെ നെഞ്ചിൽ കുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. മദ്യലഹരിയിലുള്ള ഉന്മേഷ് പരസ്‌പര വിരുദ്ധമായ കാര്യങ്ങളാണ് പൊലീസിനോട് പറയുന്നത്. കാഴ്‌ച പരിമിതിയുള്ള മാതാവ് മാത്രമാണ് ഉന്മേഷിനൊപ്പം സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
Source link

