NEWS
മുൻകൂർ ജാമ്യം തള്ളി, ബിജെപി കൗൺസിലറെ അറസ്റ്റ് ചെയ്യാനെത്തി, സംഘർഷം; ആകാശത്തേക്ക് വെടിവച്ച് പൊലീസ്

തിരുവനന്തപുരം ∙ വധശ്രമക്കേസിൽ ഒളിവിലായിരുന്ന ബിജെപി കൗൺസിലറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ പൊലീസ് പിടികൂടി. വാഴോട്ടുകോണം ഡിവിഷൻ കൗൺസിലർ ആർ.സുഗതനെയാണ് വട്ടിയൂർക്കാവ് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. കൗൺസിലറെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ബിജെപി പ്രവർത്തകർ വളഞ്ഞതോടെ വട്ടിയൂർക്കാവ് എസ്എച്ച്ഒ എ.സി.വിപിൻ ആകാശത്തേക്ക് വെടിവച്ചു.വധശ്രമക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന സുഗതനു കഴിഞ്ഞദിവസം ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇതോടെയാണ് സുഗതനെ അറസ്റ്റ് ചെയ്യാൻ വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ രാത്രി പത്തോടെ വട്ടിയൂർക്കാവ് ചിത്രാ നഗറിലെത്തിയത്. എന്നാൽ സുഗതന്റെ അനുയായികളായ ബിജെപി പ്രവർത്തകർ പൊലീസിനെ വളഞ്ഞതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. പ്രവർത്തകർ പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് എസ്എച്ച്ഒ ആകാശത്തേക്ക് വെടിവച്ച് ആളുകളെ പിന്തിരിപ്പിച്ചശേഷമാണ് സുഗതനെ പിടികൂടിയത്.സുഗതന്റെ അറസ്റ്റിനു പിന്നാലെ ബിജെപി പ്രവർത്തകർ രാത്രി പ്രതിഷേധവുമായി വട്ടിയൂർക്കാവ് സ്റ്റേഷനിലേക്കുമെത്തി. കാറിൽ സ്റ്റേഷനിലേക്കെത്തിച്ച കൗൺസിലറെ സുരക്ഷാ പ്രശ്നങ്ങൾ കാരണം തുടർന്ന് ബസിലാണ് പൊലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയത്. താൻ ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലാണെന്ന് അറിയിച്ചിട്ടും പൊലീസ് അതു പരിഗണിച്ചില്ലെന്ന് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ സുഗതൻ മാധ്യമങ്ങളോട് പറഞ്ഞു.
Source link


