NEWS
‘ഇനി ചന്തുവിന്റെ ഫോൺ നമ്പർ സൂക്ഷിച്ചോ’; ‘അഷ്റഫറിന്റെ’ നെഞ്ചിൽ കനൽ ഓർമയായി സലീം കുമാർ, പ്രവാസലോകത്തും നൊമ്പരം

ദുബായ്∙‘നാട്ടിൽനിന്നും ദുബായിലെത്തിയാലും ‘അഷ്റഫേ’ എന്ന് നീട്ടിയുള്ള ആ വിളി ഇനി കേൾക്കില്ലല്ലോ…’- ചിരകാലസുഹൃത്തായ നടൻ സലീം കുമാറിന്റെ വിയോഗവാർത്തയറിഞ്ഞതു മുതൽ ദുബായ് ദെയ്റ നായിഫിലെ വ്യാപാരിയായ കാസർകോട് മൊഗ്രാൽ സ്വദേശി അഷ്റഫിന്റെ കണ്ണുകൾ ഈറനണിഞ്ഞിരിക്കുകയാണ്. പ്രിയ സുഹൃത്തിന്റെ വേർപാട് ഏൽപ്പിച്ച ആഘാതത്തിൽനിന്ന് ഈ പ്രവാസി മലയാളിക്ക് ഇനിയും മുക്തനാകാനായിട്ടില്ല.സലീം കുമാറിന്റെ സിനിമാജീവിതത്തേക്കാൾ പഴക്കമുണ്ട് അഷ്റഫുമായുള്ള ഈ സൗഹൃദത്തിന്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിനും മുൻപ്, 1995ൽ ഗൾഫ് നാടുകളിൽ മിമിക്രി-സ്കിറ്റ് പരിപാടികൾ അവതരിപ്പിക്കാൻ കലാസംഘത്തോടൊപ്പം എത്തിയ കാലത്താണ് സലീം കുമാറിനെ അഷ്റഫ് പരിചയപ്പെടുന്നത്. അക്കാലത്ത് ദുബായ് ദെയ്റ നായിഫിലെ അഷ്റഫിന്റെ കടയ്ക്ക് സമീപമുള്ള ഹോട്ടലിലായിരുന്നു കലാകാരന്മാർ താമസിച്ചിരുന്നത്. കലയെയും കലാകാരന്മാരെയും നെഞ്ചേറ്റുന്ന അഷ്റഫ്, തിരക്കുകൾക്കിടയിലും ഇവരെ കാണാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും സമയം കണ്ടെത്തി. സലീമും കൂട്ടരും അഷ്റഫിന്റെ കടയിലെ സ്ഥിരം സന്ദർശകരായി. അങ്ങനെ ദെയ്റയിലെ ആ ചെറിയ കടമുറിയിൽ തളിർന്ന സൗഹൃദം പിൽക്കാലത്ത് വൻമരമായി വളരുകയായിരുന്നു.പത്ത് ദിവസം മുൻപാണ് അവസാനമായി ഫോണിൽ സംസാരിച്ചത്. ആരോഗ്യപ്രശ്നം കൂടുതലാണെന്ന് പറഞ്ഞപ്പോൾ വലിയ വിഷമം തോന്നി. എങ്കിലും പ്രിയപ്പെട്ട കൂട്ടുകാരൻ ഇത്ര പെട്ടെന്ന് ചിരികൾ മായ്ച്ച് മടങ്ങുമെന്ന് കരുതിയില്ലെന്ന് പറയുമ്പോൾ അഷ്റഫിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു; പ്രവാസലോകത്തെ ആ സൗഹൃദക്കൂട്ടിലേക്ക് ഇനി സലീം കുമാറിന്റെ ഓർമകൾ മാത്രം.
Source link


