NEWS
കൂടുതൽ ‘രക്ഷാപ്രവർത്തനത്തിന്’ കേന്ദ്രം, ‘പലിശ ഷോക്ക്’ വരുന്നു, അടുത്ത മാസങ്ങളിൽ ഇഎംഐ തുക കൂടും?

പശ്ചിമേഷ്യൻ സംഘർഷം മൂലമുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ സാമ്പത്തിക മേഖലയിൽ കൂടുതൽ നയപരമായ ഇടപെടലുകൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കോവിഡ് കാലത്തിനു സമാനമായ വലിയ പാക്കേജുകൾ പ്രഖ്യാപിക്കുന്നതിനു പകരം ആവശ്യമായ ഘട്ടങ്ങളിൽ തിരുത്തൽ നടപടികളിലേക്ക് കടക്കാനാണ് ആലോചന. രാജ്യത്തിന് ആവശ്യമായ പെട്രോളിയം അടക്കമുള്ള ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വ്യവസായ ഉൽപാദനം തടസമില്ലാതെ നടക്കുന്നതിനുമുള്ള നടപടികളാണ് ആലോചിക്കുന്നത്. രൂപയുടെ വിനിമയ നിരക്ക് പിടിച്ചു നിർത്താനും വിദേശ നിക്ഷേപങ്ങൾ വർധിപ്പിക്കാനുമുള്ള കൂടുതൽ ഇടപെടലുകൾ ഉണ്ടായേക്കും. വിദേശ നാണ്യശേഖരം സംരക്ഷിക്കുന്നതിനായി സ്വർണ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. ഇന്ത്യക്കാർ ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എണ്ണവില ഉയർന്നതിനെ തുടർന്നുണ്ടായ പ്രതിസന്ധി നേരിടാൻ വ്യോമയാന കമ്പനികൾക്ക് വേണ്ടി പ്രത്യേക ഫണ്ടും സർക്കാർ പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസങ്ങളിൽ റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചാൽ സാമ്പത്തിക മേഖലയിൽ വലിയ മാറ്റമുണ്ടാകും. ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കുന്ന പലിശനിരക്ക് വർധിക്കും. ഈ അധിക ചെലവ് ബാങ്കുകൾ ഉപഭോക്താക്കളിലേക്ക് കൈമാറും. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തുകയോ (ഇഎംഐ) തിരിച്ചടവ് കാലാവധിയോ വർധിക്കാൻ ഇടയുണ്ട്. ബാങ്കുകളിൽ നിക്ഷേപം നടത്തിയവർക്ക് നീക്കം ഗുണകരമാണ്. നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കാൻ സാധ്യതയുണ്ട്. വായ്പയുടെ ചെലവ് വർധിക്കുന്നത് ആളുകളുടെയും കമ്പനികളുടെയും ചെലവിടൽ കുറയ്ക്കാനും ഇടയാക്കും. ഇത് സാമ്പത്തിക മേഖലയിൽ ക്ഷീണമുണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാൽ ഉയർന്ന പലിശ നിരക്ക് ഇന്ത്യയിലേക്ക് കൂടുതൽ വിദേശനിക്ഷേപം കൊണ്ടുവരാനും രൂപയുടെ വിനിമയ നിരക്ക് ഉയർത്താനും സഹായിക്കുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇത് ഇറക്കുമതി ചെലവ് കുറയ്ക്കാനും സഹായിക്കും.
Source link


