CINEMA

 കലൂരിൽ യുവതികളെ ആക്രമിച്ച കേസ്: മുഖ്യപ്രതി അക്ബർ അറസ്റ്റിൽ

കൊച്ചി: യുവതികളെ അധിക്ഷേപിക്കുകയും മർദ്ദിക്കുകയുംചെയ്ത കേസിലെ മുഖ്യപ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി അക്ബർ (35) അറസ്റ്റിലായി. ഒളിവിൽപ്പോയ ഇയാളെ പാലക്കാട് ചെർപ്പുളശേരിയിൽ നിന്നാണ് എറണാകുളം നോർത്ത് പൊലീസ് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ, മണ്ണാർക്കാട് സ്വദേശികളായ സാബിത്ത്, അരുൺ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

എറണാകുളം നോർത്ത് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അക്ബറിനെ വലയിലാക്കിയത്.

ഇയാളെ രാത്രിയോടെ കൊച്ചിയിൽ എത്തിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് യുവതികളടക്കം ആറുപേർകൂടി ഇനിയും പിടിയിലാകാനുണ്ട്. അക്ബർ അറസ്റ്റിലായതോടെ ഒളിവിലുള്ള മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ എത്താനാകുമെന്ന് പൊലീസ് കണക്കുകൂട്ടുന്നു. പ്രതികൾ ഉപയോഗിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ 4.30ന് കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷയ്ക്കായി കലൂരിൽ താമസിച്ച് പഠിക്കുന്ന പാലക്കാട്, കോഴിക്കോട് സ്വദേശികളായ യുവതികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പഠനത്തിനിടെ ചായകുടിക്കാൻ പുറത്തിറങ്ങി മടങ്ങുകയായിരുന്ന യുവതികളെ പത്തംഗ സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ അധിക്ഷേപിച്ചു. ഇത് ചോദ്യം ചെയ്തതോടെ അക്ബർ അശ്ലീലചേഷ്ടകൾ കാട്ടുകയും മർദ്ദിക്കുകയുമായിരുന്നു. ആക്രമണ സമയത്ത് പ്രതി ലഹരിയിലായിരുന്നുവെന്നാണ് നിഗമനം.

* അക്ബറിനെതിരെ വീണ്ടും പെൺവാണിഭത്തിന് കേസ്

യുവതികളെ മർദ്ദിച്ചതിന് പുറമെ അക്ബറിനെതിരെ പെൺവാണിഭത്തിനും കേസെടുത്തു. കലൂരിലെ ലോഡ്ജ് കേന്ദ്രീകരിച്ച് ഇയാൾ പെൺവാണിഭം നടത്തിയിരുന്നതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചു. 2025ൽ കടവന്ത്ര പൊലീസ് രജിസ്റ്റർചെയ്ത അനാശാസ്യ കേസിലും ഇയാൾ മുഖ്യപ്രതിയാണ്. ഇയാൾ വാടകയ്ക്കെടുത്ത ലോഡ്ജ് മുറികളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.


Source link

Back to top button