വിടർന്നുവിലസിയ വലിയ ചിരി കണ്ണീർ മഴയിൽ പൊഴിഞ്ഞു

തിരുവനന്തപുരം: 1996 സെപ്തംബർ 14ന് ആയിരുന്നു സലിംകുമാറിന്റെ വിവാഹം. പ്രണയവിവാഹമായിരുന്നു.
പിറ്റേന്നുരാവിലെ വീടിന്റെ മുന്നിൽ ഒരു കാർ വന്നുനിന്നു. അതിൽ കയറി സലിംകുമാർ ഒറ്റപോക്ക്. ഷൂട്ടിംഗിലേക്കാണെന്ന് ഭാര്യ സുനിതയ്ക്ക് അറിയാമായിരുന്നു.
ചിത്രം ‘ഇഷ്ടമാണ് നൂറുവട്ടം’. സത്യമേവജയതേ എന്ന ചിത്രത്തിലെ മട്ടാഞ്ചേരി മമ്മദ് എന്ന കള്ളന്റെ വേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചതോടെ സലിംകുമാർ ശ്രദ്ധിക്കപ്പെട്ടു. ആ ചിത്രമാണ് തെങ്കാശിപ്പട്ടണത്തിലെ മുത്തുരാമൻ എന്ന കഥാപാത്രത്തെ സലിംകുമാറിന് നേടികൊടുത്തത്. പിന്നങ്ങോട്ട് സ്ക്രീനിൽ സലിംകുമാറെത്തിയാൽ പൊട്ടിച്ചിരി വിരിയുന്ന നിലയിലേക്കെത്തി.
തെങ്കാശിപ്പട്ടണത്തിൽ ആദ്യം വളരെ ചെറിയ വേഷമായിരുന്നു. എന്നാൽ കുതിരവണ്ടിക്കാരനായുള്ള നിർണായക വേഷം ചെയ്യേണ്ട ഇന്ദ്രൻസ് മറ്റു ചിത്രങ്ങളുടെ തിരക്കിലായപ്പോൾ പിന്മാറി. അതോടെ ഇന്ദ്രൻസിന്റെ വേഷം കൂടി സലിം കുമാറിന്റെ കഥാപാത്രത്തിനൊപ്പം വിളക്കി ചേർത്ത്, ആ കഥാപാത്രത്തെ ഒരു മുഴുനീള വേഷമാക്കി മാറ്റുകയായിരുന്നു സംവിധായകരായ റാഫി മെക്കാർട്ടിൻ.
സലിംകുമാറിന്റെ മറ്റ് ചിത്രങ്ങൾ കണ്ടിട്ടില്ലാത്ത ലാലിനൊരു ഡൗട്ട്, ഈ വേഷം അയാൾക്ക് ചേരുമോ? നന്നായി ചേരുമെന്ന് സത്യമേവജയതേയിലെ നായകൻ സുരേഷ്ഗോപി ഉറപ്പുപറഞ്ഞു. പിന്നെ ലാൽ ഉൾപ്പെടെയുള്ളവർ
സത്യമേവ ജയതേ എന്ന ചിത്രം തൃപ്പൂണിത്തുറയിലെ തിയേറ്ററിലെത്തി കണ്ടതോടെ അവർ സലിംകുമാറിനെ ഫിക്സ് ചെയ്തു. പിന്നങ്ങോട്ട് മലയാള സിനിമയുടെ ചിരിവിലാസമായി സലിംകുമാർ മാറുകയായിരുന്നു.
വിവാഹം കഴിക്കുമ്പോൾ സലിംകുമാർ മിമിക്രി കലാകാരൻ മാത്രമായിരുന്നു. വേറെ പണിയും മറ്റുവരുമാനവുമില്ല. എന്നിട്ടും തന്നെ മതി എന്നുപറഞ്ഞ് ഭാര്യ സുനിത ‘റിസ്‌ക്’ എടുത്തുവെന്ന് സലിംകുമാർ പറയുമായിരുന്നു.
അച്ഛൻ ഗംഗാധരൻ സഹോദരൻ അയ്യപ്പന്റെ അനുയായിയായിരുന്നു. മകന്റെ പേരിലൂടെ മതം അറിയാൻ പാടില്ലെന്ന അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു മകന്റെ പേര് സലിം എന്നായതിനു പിന്നിൽ.
ഗായക മോഹമായിരുന്നു ആദ്യം. പിന്നീട് മിമിക്രിയിലേക്കും അഭിനയത്തിലേക്കുമെത്തി. മാല്യങ്കരയിലെ മൂത്തകുന്നം ശ്രീ നാരായണ മംഗലം കോളേജിൽ പ്രീഡിഗ്രി നേടിയ ശേഷം എറണാകുളം മഹാരാജാസിൽ പഠിക്കാനെത്തിയതു തന്നെ സിനിമാമോഹം പൂവണിയുമെന്ന പ്രതീക്ഷയിലാണ്. അത് തെറ്റിയില്ല. മലയാള സിനിമയിലെ ഒന്നൊന്നര ചിരിമുഴക്കമായി സലിംകുമാർ മാറി.
ബിരുദ പഠനകാലത്ത് മൂന്ന് തവണ സർവകലാശാലയുടെ മിമിക്രി കിരീടം നേടി. കലാഭവനിൽ നിന്ന് നാടക ജീവിതം ആരംഭിച്ചു. ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ കോമിക്കോളയിലെ താരമായി.കൊച്ചിയിലെ ആരതി തിയറ്റേഴ്സിൽ പ്രൊഫഷണൽ നാടകത്തിലും അഭിനയിച്ചു. 35 ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ശേഷമാണ് സത്യമേവ ജയതേയിൽ സലിംകുമാർ എത്തുന്നത്. പിന്നീട് ഒരു വർഷത്തിൽ പത്തിലേറെ ചിത്രങ്ങളിൽ അഭിനയിക്കുന്ന നടനായി.
2007ൽ അഭിനയിച്ചത് 20 ചിത്രങ്ങൾ. ചിരിപ്പിച്ചുകൊണ്ടിരുന്ന സലിംകുമാർ ലാൽജോസിന്റെ ‘അച്ഛനുറങ്ങത്ത് വീട്’ എന്ന ചിത്രത്തിലെ നായക കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. ആ ചിത്രത്തിലെ അഭിനയത്തിന് 2005ൽ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം. 2010ൽ ആദാമിന്റെ മകൻ അബുവിലൂടെ ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും ലഭിച്ചു. ചിരിപ്പിച്ചു തുടങ്ങിയ സലിമിന് ഹാസ്യനടനുള്ള സംസ്ഥാന അവാർഡ് കിട്ടിയത് അതിനുശേഷം 2013ൽ അയാളും ഞാനും തമ്മിലിലെ തോമാച്ചൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചതിനായിരുന്നു. സലിംകുമാറിന്റെ സംവിധായക പ്രതിഭ അടയാളപ്പെടുത്തിയ ‘കറുത്തജൂതൻ’ എന്ന സിനിമയ്ക്ക് മികച്ച കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചു.
57 വയസായിരുന്നു സലിംകുമാറിന്. ഇനിയുമേറെ മലയാള സിനിമയ്ക്ക് നൽകേണ്ട കലാകാരൻ. ചിരിയുടെ പെരുമഴക്കാലം സമ്മാനിച്ച നടൻ ഈ മഴക്കാലത്ത് ഈ ലോകത്തു നിന്നും നടന്നു മറയുകയാണ്…
Source link
NEWS


