കേരളകൗമുദി എന്നും സത്യത്തിനൊപ്പം: മുഖ്യമന്ത്രി

തിരുവനന്തപുരം: നൂറ് ശതമാനം സത്യസന്ധമായ വാർത്ത കൊടുക്കുന്നതിൽ അഭിമാനിച്ച പത്രാധിപർ കെ.സുകുമാരന്റെ പാരമ്പര്യം കേരളകൗമുദി ഇന്നും കാത്തുസൂക്ഷിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളകൗമുദിയിലെ നിയമസഭാറിപ്പോർട്ട് വായിച്ചാണ് എന്റെ മനസിൽ പാർലമെന്ററി മോഹമുണ്ടായത്. കേരളകൗമുദിയിൽ വന്ന ഗുരുദർശന ലേഖനങ്ങൾ വായിച്ച് എഴുതിയ ഉപന്യാസത്തിനാണ് അഞ്ചാംക്ളാസിൽ പഠിക്കുമ്പോൾ ഒന്നാം സമ്മാനം കിട്ടിയത്. ജീവിതത്തിലെ ആദ്യ സമ്മാനം.
സ്തുതിഗീതങ്ങൾ പാടി സർക്കാരിനെ സന്തോഷിപ്പിക്കുന്ന വിദൂഷക വേഷം മാദ്ധ്യമങ്ങൾ കെട്ടരുത്. ഭരണകർത്താക്കൾക്ക് തെറ്റ് തിരുത്താനുള്ള പ്രചോദനമായി വാർത്തകൾ മാറണം. വിവാദങ്ങൾ റേറ്റിംഗ് കൂട്ടാനാകാരുത്. സംസ്‌കാരത്തിന് ചേരാത്ത കാര്യങ്ങൾക്ക് പിറകെ മുഖ്യധാരാ മാദ്ധ്യമങ്ങൾ പോകരുതെന്ന് അപേക്ഷിക്കുന്നു.
കുറെ വർഷങ്ങളായി നമ്മൾ പല ക്രെഡിറ്റ് എടുക്കുകയാണ്. ഹെൽത്തിൽ,എഡ്യൂക്കേഷനിൽ എല്ലാം കേരള മോഡൽ പറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ, 25 കൊല്ലമായി എല്ലാം അതേപടി നിൽക്കുകയാണ്. പുതിയ കാലത്തിലേക്ക് പോകാൻ പറ്റുന്നില്ല. ഇതിന് മാറ്റമുണ്ടാക്കാനുള്ള പോസിറ്റീവ് ന്തരീക്ഷം മാദ്ധ്യമങ്ങൾ ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ നടന്ന ചടങ്ങിൽ കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി അദ്ധ്യക്ഷനായി. ഗതാഗതമന്ത്രി സി.പി. ജോൺ, വി.മുരളീധരൻ എം.എൽ.എ തുടങ്ങിയവർ ആശംസ നേർന്നു.
ഗുരുദേവൻ ഉണ്ടാക്കിയെടുത്ത നവോത്ഥാന പ്രസ്ഥാനത്തിന്റെ എല്ലാ ആത്മീയാംശങ്ങളും സ്വാംശീകരിച്ചുകൊണ്ട് പറയേണ്ടത് മറയും മടിയുമില്ലാതെ പറയുന്ന പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു.
അടിച്ചമർത്തപ്പെട്ട സമുദായങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സി.വി. കുഞ്ഞുരാമൻ തുടങ്ങിവച്ച പാരമ്പര്യവും സാമൂഹ്യപ്രതിബദ്ധതയും അതേപടി പിന്തുടരുന്ന ഒരാളാണ് ഇന്നും കേരളകൗമുദിയെ നയിക്കുന്നതെന്ന് വി. മുരളീധരൻ പറഞ്ഞു. കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റർ വി.എസ്. രാജേഷ് സ്വാഗതവും ചീഫ് മാനേജർ എസ്. വിമൽകുമാർ നന്ദിയും പറഞ്ഞു.
Source link
NEWS


