NEWS

ചിരിയുടെ മണവാളന് വിട, നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി: ഹാസ്യതാരമായി വന്ന് മലയാള സിനിമയിൽ ഭാവാഭിനയത്തിന് പുതിയ മാനം പകർന്ന നടൻ സലിംകുമാർ വിടചൊല്ലി. ഇന്നലെ രാത്രി 10.45ന് എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. 57 വയസായിരുന്നു.

1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ പറവൂർ ചിറ്റാറ്റുകരയിൽ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായി ജനനം. സുനിതയാണ് ഭാര്യ. മക്കൾ: യുവനടൻ നടൻ ചന്തു, ആരോമൽ. ഇന്ന് രാവിലെ 9മുതൽ പറവൂർ ടൗൺ ഹാളിൽ പൊതുദർശനം. സംസ്കാരം ഇന്ന് വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിൽ.

ഇന്നലെ പുലർച്ചെ ഡയാലിസിസിനാണ് ആശുപത്രിയിൽ എത്തിച്ചത്. ഡയാലിസിസിനിടെ രക്തസമ്മർദ്ദം താഴ്ന്നത് ഹൃദയാഘാതത്തിന് കാരണമായി. അപ്പോൾത്തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ശ്വാസകോശത്തിൽ കാൻസർ ബാധയും കണ്ടെത്തിയതിനാൽ ചികിത്സ സങ്കീർണമായിരുന്നു.

അഭിനയത്തിന്റെ അപാരത കാഴ്ചവച്ച ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. 2005ൽ അച്ഛനുറങ്ങാത്ത വീട്ടിലെ പ്രകടനത്തിന് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ നടനായി. 2012ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം. ചിത്രം അയാളും ഞാനും തമ്മിൽ.

കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു. 2017ൽ പുറത്തുവന്ന കറുത്ത ജൂതൻ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. 2018ലാണ് ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ. കുമാറാകണം റിലീസ് ചെയ്തത്.

കൊച്ചിൻ കലാഭവൻ,​ കൊച്ചിൻ സാഗർ എന്നീ ട്രൂപ്പുകളിലൂടെ മിമിക്രി വേദികളിലും തുടർന്ന് ടെലിവിഷൻ ഷോകളിലും തിളങ്ങി. ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.

അച്ഛനുറങ്ങാത്ത വീട്, മീശ മാധവൻ, അയാളും ഞാനും തമ്മിൽ, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, സി.ഐ.ഡി മൂസ, തിളക്കം, കല്യാണരാമൻ, പെരുമഴക്കാലം, ഗ്രാമഫോൺ​ തുടങ്ങി മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. സിനിമകൾ നിർമ്മിച്ചിട്ടുമുണ്ട്.

ആരോഗ്യസ്ഥിതി മോശമായതിനാൽ സിനിമാരംഗത്ത് സജീവമായിരുന്നില്ല. നേരത്തെ കരൾ മാറ്റിവച്ചിട്ടുണ്ട്. കോൺഗ്രസ് അനുഭാവിയായ സലിംകുമാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ മണ്ഡങ്ങളിൽ പ്രചാരണത്തിനുമിറങ്ങി​യി​രുന്നു.

1996 സെപ്തംബർ 14നാണ് സുനിതയെ വിവാഹം ചെയ്തത്. പിറ്റേ ദിവസമാണ് ‘ഇഷ്ടമാണ് നൂറുവട്ടത്തിൽ” അഭിനയിക്കാൻ പോയത്.


Source link
NEWS

Back to top button