NEWS

നാട്ടിലെ സംരംഭകരെ സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നാട്ടിലെ സംരംഭകർക്ക് അനുകൂലമായ നിയമ, ഭരണ സാഹചര്യമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഉറപ്പ്. കേരളകൗമുദിയുടെ 115-ാമത് വാർഷികത്തോടനുബന്ധിച്ച് ലെമൺട്രീ പ്രീമിയറിൽ നടത്തിയ ചടങ്ങിൽ വിവിധ മേഖലകളിലെ സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

?സംരംഭങ്ങൾക്ക് അനുമതി നൽകാൻ സിംഗിൾ വിൻഡോ ഫലപ്രദമല്ല. ഇതിന് മാറ്റംവരുത്തുമോ

(ഡോ.ബിജുരമേശ്,കേരളചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ)​

മുഖ്യമന്ത്രി: സിംഗിൾ വിൻഡോ എന്നൊക്കെ പറയുമെങ്കിലും ആളുകൾ വിഷമിക്കുകയാണ്. ഒരു ഡസൻ പെർമിഷൻ കിട്ടാൻ ഓഫീസുകൾ കയറിയിറങ്ങണം. സർക്കാർ ഉദ്ദേശിക്കുന്നത് ഒരു ഡാറ്റാ ഡ്രിവൺ ഗവേണൻസ് ആണ്. ഒരു സ്ഥലത്ത് അപേക്ഷ കൊടുത്താൽ അത് ഓട്ടോമാറ്റിക് ആയി മറ്റ് ഓഫീസുകളിലെത്തും. കൺസേൺഡ് ഉദ്യോഗസ്ഥന്മാർ ഇത്ര ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. എവിടെയാണോ ആപ്ലിക്കേഷൻ കൊടുത്തത് അവിടെനിന്ന് നിശ്ചിത ദിവസത്തിനകം എല്ലാ അനുമതികളും ലഭ്യമാക്കും. മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും ഓഫീസുകൾ സംയോജിച്ചുള്ള ഇൻവെസ്റ്റേഴ്സ് സെൽ ആറു മാസത്തിനകം നിലവിൽ വരും.

?കാലത്തിന് അനുസൃതമായി വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരം കൊണ്ടുവരാനുള്ള എന്ത് ആശയമാണ് നടപ്പാക്കുക

(എസ്.ജ്യോതിസ് ചന്ദ്രൻ,ചെയർമാൻ ജ്യോതിസ്ഗ്രൂപ്പ് ഒഫ് സ്കൂൾസ്)​

മുഖ്യമന്ത്രി: തൊഴിൽ മേഖലയുമായി വിദ്യാഭ്യാസത്തെ ബന്ധപ്പെടുത്താനുള്ള ആശയമായിട്ടാണ് മുമ്പ് കളമശേരിയിൽ കൊച്ചിൻ യൂണിവേഴ്സിറ്റി വന്നത്. വലിയൊരു ദീർഘവീക്ഷണത്തോടുകൂടി ചെയ്തതാണ്. പിന്നീടും ചെയ്തു. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ ആരംഭിച്ചു. പക്ഷേ, അത് നമ്മൾ ആഗ്രഹിച്ച തരത്തിലായില്ല. വിവിധ​ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റുകളെ കോർപ്പറേറ്റ് കമ്പനികളുമായും ഇൻഡസ്ട്രിയുമായും ബന്ധിപ്പിക്കുന്ന ഒരു ലിങ്ക് ഉണ്ടാക്കാൻ ആലോചിക്കുന്നു

?വൻകിട കോർപറേറ്റുകൾ നിക്ഷേപമിറക്കുമ്പോൾ നാട്ടിലെ സ്ഥാപനങ്ങൾ പൂട്ടിപ്പോകുന്നത് തടയാൻ ഇടപെടുമോ

(ഡോ.മിഥുൻരത്തൻ മുരുകൻ, പി.ആർ.എസ് ആശുപത്രി ജോയന്റ് മാനേജിംഗ് ഡയറക്ടർ)​

മുഖ്യമന്ത്രി: കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷം 444 ആശുപത്രികളും 1300 ക്ലിനിക്കുകളും അടച്ചുപൂട്ടി. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ ചെറുകിട,​ ഇടത്തരം ആശുപത്രികൾക്കെതിരായിട്ടുള്ള ചില പ്രൊവിഷൻസ് ഉണ്ട്. അത് ഭേദഗതി ചെയ്യണം. അലോപ്പതിയും ആയുർവേദവും മിക്സ് ചെയ്തുള്ള ഹോളിസ്റ്റിക് റീഹാബിലിറ്റേഷൻ സെന്ററുകളുണ്ടായാൽ മെഡിക്കൽ ടൂറിസത്തിന് ഗുണം ചെയ്യും. പ്രൈവറ്റ് സെക്ടറിൽ ഇത്തരം സരംഭങ്ങൾക്ക് സർക്കാർ സൗകര്യം ചെയ്തുകൊടുക്കും. ഗ്ളോബൽ

ഹെൽത്ത് ഡെസ്റ്റിനേഷനാക്കി കേരളത്തെ മാറ്റണം.

?പുറത്തുനിന്ന് നേരിട്ട് സാധനങ്ങൾ വരുമ്പോൾ ഇവിടത്തെ വ്യാപാരികൾക്ക് നഷ്ടമുണ്ടാകുന്ന സാഹചര്യത്തിന് പരിഹാരമുണ്ടാക്കുമോ

(ഫൈസൽ ഖാൻ,​ മാനേജിംഗ് ഡയറക്ടർ,​ നിംസ് മെഡിസിറ്റി)​

മുഖ്യമന്ത്രി: പുറത്തുനിന്ന് സംരംഭകർ വരുമ്പോഴും ചെക്ക് പോസ്റ്റുകളില്ലാതെ സാധനങ്ങൾ എത്തിച്ച് വിൽപന നടത്തുമ്പോഴും നഷ്ടം സർക്കാരിനും നാട്ടിലെ സംരംഭകനുമാണ്. ഇതിന് പരിഹാരം കാണും. നാട്ടിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന നികുതിദായകനാണ് വ്യാപാരികളും വ്യവസായികളും. അവരുടെ താത്പര്യം സംരംക്ഷിക്കും.


Source link
NEWS

Back to top button