test del 3

‘ഞാൻ വിടുമായിരിക്കും, പക്ഷേ അയാൾ പണി തരും’: പരാതിക്കാരിയെ ഭീഷണിപ്പെടുത്തി അലീന ഏബ്രഹാം


കൊച്ചി∙ ‘‘ചേച്ചിയോട് ഒരു കാര്യം പറയാം. ഞാനോ ഇക്കാക്കയോ ആരായാലും. കള്ളത്തരമോ ഉടായിപ്പോ ഒക്കെ കാണിച്ചാലും ഞാൻ വിടുമായിരിക്കും, പക്ഷേ അയാൾ പണി തരും. അതൊന്ന് ആലോചിച്ചു വച്ചേക്ക്’’ – ദുബായ് കേന്ദ്രീകരിച്ചുള്ള മോഡലിങ് കെണിയുമായി ബന്ധപ്പെട്ടു മനുഷ്യക്കച്ചവട സംഘത്തിനെതിരെ പരാതി നൽകിയ യുവതിക്ക് അലീന ഏബ്രഹാമിന്റെ ഭീഷണി എത്തിയത് ഇങ്ങനെയാണ്. കേസിൽ മൂന്നാം പ്രതിയായ തിരുവനന്തപുരം പോങ്ങുവിള സ്വദേശിയായ അലീന നിലവിൽ റിമാൻഡിലാണ്. അലീനയുടെ സുഹൃത്തുകൂടിയായ കൊച്ചി കേന്ദ്രീകരിച്ചുള്ള ഔറംഗസേബ് എന്ന ഗുണ്ടയ്ക്കെതിരെയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മുംബൈ വിമാനത്താവളത്തിൽ പിടിയിലായ കേസിലെ ഒന്നാമതത്തെ പ്രതി ഗുരുവായൂർ സ്വദേശി സ്റ്റോയിസി എന്ന സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും.ഇന്നു കൊച്ചിയിലെത്തിക്കുന്ന സിന്ധുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഈ റാക്കറ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണു കരുതുന്നത്. അലീനയും മഞ്ജിമയും അടക്കമുള്ള ഏജന്റുമാർ കണ്ടെത്തുന്ന യുവതികളെ മോഡലിങ്ങിന്റെയും ബ്യൂട്ടീഷ്യൻ, മെയ്ക്ക്അപ് ജോലികളുടെയും പേരിൽ ഗൾഫ് രാജ്യങ്ങളിലേക്കു കടത്തുകയാണു ചെയ്യുന്നത്. ഇതിനു നേതൃത്വം നൽകുന്നത് സിന്ധുവിന്റെ നേതൃത്വത്തിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിലാണ്. മൂന്നു മാസത്തെ വിസിറ്റിങ് വിസയിലെത്തിക്കുന്ന യുവതികളെ കാത്തിരിക്കുന്നതു പീഡന പരമ്പരയാണ്. വൻതുകകൾ വാങ്ങി ഒട്ടേറെ പേർക്ക് ഇവരെ കാഴ്ചവയ്ക്കും. നിർബന്ധിതമായി ലഹരി നൽകുന്നതിലൂടെ ചെറുത്തുനിൽക്കാനും കഴിയാതാകും. ചെറുത്തു നിൽക്കുന്നവരെ നഗ്നഫോട്ടോകളടക്കം കാണിച്ചു ഭീഷണിപ്പെടുത്തും. ഇത്തരത്തിൽ എല്ലാവിധ പീഡനങ്ങൾക്കും ഇരകളായ രണ്ടു യുവതികള്‍ നൽകിയ പരാതികളിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള എസ്ഐടിയാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്.


Source link

Back to top button