test del 3

വനവാസമില്ല, ഇനി ജനവാസം; എന്നും പച്ചപ്പിനൊപ്പം, ഇനി ഹരിത മുഖ്യമന്ത്രി


നിയമസഭാ തിരഞ്ഞെടുപ്പു കാലത്തെ ഏറ്റവും വലിയ ചർച്ചകളിലൊന്ന്, ഫലം വരുമ്പോൾ വി.ഡി.സതീശൻ വനവാസത്തിനു പോകുമോ ഇല്ലയോ എന്നതായിരുന്നു. യുഡിഎഫ് നൂറു സീറ്റിലേറെ നേടുമെന്ന സതീശന്റെ ആത്മവിശ്വാസത്തെ പലരും കാര്യമായെടുത്തുമില്ല. ആ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് ട്രോളുകളെ പോലും ഭയക്കാതെ ‘വനവാസം’ എന്ന റിസോർട്ട് ഉദ്ഘാടനം ചെയ്യാൻ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹം വാഗമണ്ണിലേക്ക് പോയത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ താൻ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന സതീശന്റെ പ്രഖ്യാപനം, കേരളത്തിന്റെ രാഷ്ട്രീയ പൾസ് അറിയാവുന്ന മികച്ച തിരഞ്ഞെടുപ്പ് മാനേജരുടെ വാക്കുകളായിരുന്നുവെന്ന് തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. വനങ്ങളും പരിസ്ഥിതിയും എന്നും വി.ഡി.സതീശനു പ്രിയപ്പെട്ട വിഷയങ്ങളാണ്. ആ അടുപ്പത്തിനു നാലു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1982 ൽ കോളജ് പഠനകാലയളവിൽ തുടങ്ങിയതാണ് സതീശന്റെ ‘കാടുകയറ്റം’.സതീശന്റെ നേതൃത്വത്തിൽ എംഎൽഎമാർ ചേർന്ന് പരിസ്ഥിതി ചിന്തകൾ പങ്കുവയ്ക്കുന്നതിനായി ‘ഗ്രീൻ തോട്ട്സ് കേരള’ എന്ന പേരിൽ ഒരു ബ്ലോഗ് കൂട്ടായ്മ ആരംഭിച്ചിരുന്നു. കേരളത്തിലെ നദികൾ, തണ്ണീർത്തടങ്ങൾ, കാടുകൾ എന്നിവയുടെ സംരക്ഷണത്തിനായി അവർ ശബ്ദമുയർത്തി. കുടിവെള്ള സ്വകാര്യവൽക്കരണം, പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന വൻകിട പദ്ധതികൾ എന്നിവയ്ക്കെതിരെ നിയമസഭയിൽ വി.ഡി. സതീശൻ ഉന്നയിച്ച ആധികാരിക വാദങ്ങളാണ് അദ്ദേഹത്തിന് ‘ഹരിത എംഎൽഎ’ എന്ന വിശേഷണം നേടിക്കൊടുത്തത്. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനമല്ല, മറിച്ച് സുസ്ഥിര വികസനമാണ് വേണ്ടതെന്നായിരുന്നു സതീശന്റെ എക്കാലത്തെയും വാദം. രാഷ്ട്രീയ ലാഭം നോക്കാതെ കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി നിലകൊണ്ട, കോൺഗ്രസിലെയും യുഡിഎഫിലെയും യുവജനപ്രതിനിധികളുടെ മുഖമായി മാറി സതീശൻ. പ്രതിപക്ഷ നേതാവായപ്പോൾ സിൽവർ ലൈൻ പദ്ധതിയോടു സതീശൻ സ്വീകരിച്ച സമീപനവും അതിന്റെ തുടർച്ചയായിരുന്നു.∙നെല്ലിയാമ്പതി വനഭൂമി സമരം പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയിലെ വനഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് സതീശന്റെ വനസംരക്ഷണ നിലപാടുകൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പാട്ടക്കാലാവധി കഴിഞ്ഞതും വനനിയമങ്ങൾ ലംഘിച്ചതുമായ സ്വകാര്യ തോട്ടങ്ങൾ സർക്കാർ വനഭൂമിയായി തിരിച്ചുപിടിക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണത്തിലായിരുന്നിട്ടും, വനംകൊള്ളയ്ക്കും വനഭൂമി കയ്യേറ്റത്തിനുമെതിരെ ‘ഗ്രീൻ ബ്രിഗേഡ്’ എംഎൽഎമാരെ അണിനിരത്തി അദ്ദേഹം വനസംരക്ഷണത്തിനായി നിലകൊണ്ടു.


Source link

Back to top button