NATIIONAL
രാജസ്ഥാൻ നാണംകെട്ടിട്ടും റെക്കോർഡിന് ഒരു കുറവുമില്ല, സിക്സടിയിൽ ‘സെഞ്ചറി’ തികച്ച് വൈഭവ് സൂര്യവംശി

ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഓരോ മത്സരങ്ങളിലും റെക്കോർഡുകൾ പഴങ്കഥയാക്കുന്നതു തുടർന്ന് രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി. ട്വന്റി20 ക്രിക്കറ്റിൽ അതിവേഗം 100 സിക്സുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ പോരാട്ടത്തിൽ വൈഭവ് സ്വന്തം പേരിലാക്കിയത്. കരിയറിൽ 514 പന്തുകൾ മാത്രം നേരിട്ടാണ് വൈഭവ് സിക്സടിയിൽ ‘സെഞ്ചറിയിലെത്തിയത്’. 100 സിക്സടിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവിന്റെ പേരിലാണ്. ഐപിഎൽ സീസണിൽ പവർപ്ലേ ഓവറുകളില്‍ കൂടുതൽ സിക്സ് നേടിയ താരമാണ് വൈഭവ്. ഈ സീസണിൽ താരം 30 സിക്സടിച്ചപ്പോൾ, 2024 ൽ 29 സിക്സുകൾ നേടിയ അഭിഷേക് ശർമയാണ് രണ്ടാം സ്ഥാനത്ത്. 2026ൽ അഭിഷേക് 27 സിക്സുകൾ നേടിയിട്ടുണ്ട്.മത്സരത്തിനിടെ സിറാജിന്റെ യോർക്കർ ബോളിൽ പരുക്കേറ്റ വൈഭവ്, അധികം വൈകാതെ പുറത്താകുകയായിരുന്നു. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് 77 റൺസിന്റെ ആധികാരിക വിജയമാണു നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ റോയൽസ് 16.3 ഓവറിൽ 152 റൺസടിച്ചു പുറത്തായി. വമ്പൻ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്കു കയറി.
Source link


