test del 3

അമീബിക് മസ്തിഷ്കജ്വരം: വില്ലനാകുന്നത് ശുദ്ധജലത്തിലും മണ്ണിലും വാഴുന്ന അക്കാന്തമീബ


ആലപ്പുഴ ∙ ജില്ലയിൽ ഒരാഴ്ചയ്ക്കിടെ 5 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിൽ നാലിലും രോഗകാരണമായത് അമീബ വിഭാഗത്തിലെ അക്കാന്തമീബ. മുൻപ് ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരിലെല്ലാം കണ്ടെത്തിയത് നൈഗ്ലെറിയ ഫൗളറി എന്ന അമീബയെയാണ്. ഇതു കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഉണ്ടാവുക. മുങ്ങിക്കുളിക്കുമ്പോൾ മൂക്ക് വഴി ശരീരത്തിൽ പ്രവേശിച്ചാണ് ഈ അമീബ തലച്ചോറിനെ ബാധിച്ചിരുന്നത്. എന്നാൽ അക്കാന്തമീബ ശുദ്ധജലത്തിലും മണ്ണിലും കാണപ്പെടുന്നതാണ്. മൂക്ക്, കണ്ണ് എന്നിവയ്ക്കു പുറമേ മുറിവുകളിലൂടെയും ഇതു ശരീരത്തിൽ പ്രവേശിക്കും. വെള്ളത്തിൽ മുങ്ങിക്കുളിക്കാത്തവരിലും രോഗബാധയുണ്ടായതിന്റെ കാരണം ഇതാണെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നു. 4 സംഭവങ്ങളിൽ ഉറവിടം കണ്ടെത്താനായില്ല  ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഈ സംഭവങ്ങളിൽ നാലിലും എങ്ങനെ അമീബ ശരീരത്തിൽ പ്രവേശിച്ചു എന്നു കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ചെട്ടികാട് സ്വദേശിയായ യുവാവ് വീട്ടുമുറ്റത്തു റിങ് വച്ച് നീന്തൽക്കുളം പോലെയുണ്ടാക്കി അതിൽ കിടക്കാറുണ്ടായിരുന്നു. ആ വെള്ളത്തിൽ നിന്നാണ് അക്കാന്തമീബ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ടാവുക. മറ്റു നാലുപേരും വെള്ളത്തിൽ മുങ്ങിക്കുളിച്ചതായി കണ്ടെത്തിയിട്ടില്ല. എന്നാൽ അമീബ ശരീരത്തിൽ പ്രവേശിക്കാൻ അതു വേണമെന്നില്ലെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. അമീബയുള്ള വെള്ളം ഉപയോഗിച്ചു മുഖം കഴുകുമ്പോഴോ കുളിക്കുമ്പോഴോ മൂക്കിൽ വെള്ളം കയറിയാൽ രോഗബാധയുണ്ടാകും. മണ്ണിലുള്ള അക്കാന്തമീബ ശരീരത്തിലെ മുറിവുകൾ വഴി പ്രവേശിക്കാം. മത്സ്യത്തൊഴിലാളിയായ ചെട്ടികാട് സ്വദേശി കടലിൽ പോകുമ്പോൾ വലിയ കന്നാസുകളിൽ കുഴൽക്കിണറ്റിലെ വെള്ളമാണു കൊണ്ടുപോകുന്നത്. ഇതിൽ അമീബയുണ്ടാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങൾ ശ്രദ്ധിക്കാം തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. എത്രയും വേഗം ചികിത്സ തേടണം


Source link

Back to top button