തിര. പരാജയം: സി.പി.എം, സി.പി.ഐ നേതൃയോഗം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവും സെക്രട്ടേറിയറ്റുമാണ് ചേരുന്നത്. മുന്നണിക്കും പാർട്ടിക്കുമുണ്ടായ കനത്ത പരാജയത്തിന്റെ പ്രാഥമിക വിലയിരുത്തലാണ് സി.പി.എം സെക്രട്ടേറിയറ്റിലുണ്ടാവുക. ഭരണവിരുദ്ധ വികാരം മനസിലാക്കാൻ കഴിയാത്തതും കണ്ണൂരിലെ വിമതനീക്കം പ്രതിരോധിക്കാൻ കഴിയാത്തതും ചർച്ചയാകും. വികസന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും നടത്തിയിട്ടും വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. മത്സരിച്ച എട്ട് പാർട്ടി മന്ത്രിമാർ പരാജയപ്പെട്ടതും ധർമ്മടത്ത് മുഖ്യമന്ത്രി ആദ്യ ആറ് റൗണ്ടിൽ പിന്നിലായതും ചർച്ചയാകും. യു.ഡി.എഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം മുൻകൂട്ടി കാണാനാകാത്തതും വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന് ശേഷമുണ്ടായ രാഷ്ട്രീയ അന്തരീക്ഷം കൃത്യമായി നിരീക്ഷിക്കാൻ കഴിയാത്തതും വീഴ്ചയായി നേതൃത്വം കാണുന്നുണ്ട്.
Source link


