HEALTH

കിർഗിസ്ഥാനിൽ 300 കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾ പൂർത്തിയാക്കി

ദോഹ: കേൾവിശക്തി കുറവുള്ള കുട്ടികൾക്ക് കൈത്താങ്ങായി ഖത്തർ നടപ്പിലാക്കുന്ന കോക്ലിയർ ഇംപ്ലാന്റ് പദ്ധതിയുടെ ഭാഗമായി കിർഗിസ്ഥാനിലെ 50 കുട്ടികൾക്ക് കൂടി ആശ്വാസകരമായ ചികിത്സ ലഭ്യമാക്കി. പദ്ധതിയുടെ ഭാഗമായി 30 കുട്ടികൾക്ക് കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയയും, മറ്റ് 20 കുട്ടികൾക്ക് ശ്രവണസഹായികളും വിതരണം ചെയ്യുകയുണ്ടായി. കേൾവി തകരാറുകൾ നേരിടുന്ന കുരുന്നുകൾക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം സംഘടിപ്പിച്ചത്.

ഈ സഹായത്തോടെ ഖത്തറിന്റെ കോക്ലിയർ ഇംപ്ലാന്റ് പദ്ധതി വഴി പൂർത്തീകരിച്ച വിജയകരമായ ശസ്ത്രക്രിയകളുടെ എണ്ണം 300 ആയി ഉയർന്നു. ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിലുള്ള ഹെൽത്ത്‌കെയർ ഫണ്ടിന്റെ സാമ്പത്തിക പിന്തുണയോടെ ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി (എച്ച്.എം.സി) സഹകരിച്ചാണ് ഈ ജീവകാരുണ്യ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ചികിത്സയും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനൊപ്പം, കിർഗിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

പദ്ധതിയുടെ ഭാഗമായി കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിലെത്തിയ ഖത്തർ പ്രതിനിധി സംഘം അവിടുത്തെ ഉദ്യോഗസ്ഥരുമായി ചേർന്ന് കുട്ടികൾക്കായുള്ള വൈദ്യപരിശോധനകൾ പൂർത്തിയാക്കി. കൂടാതെ, സന്ദർശനവേളയിൽ കിർഗിസ്ഥാനിലെ ഖത്തർ അംബാസഡർ അലി ബിൻ ജാബർ അൽ മറിയുമായി സംഘം കൂടിക്കാഴ്ച നടത്തി പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു.

Life Style ⏭️

Back to top button