test del 4 copy of del 3
ലോറി സ്റ്റാർട്ട് ചെയ്തതും തീയും പുകയും ഉയർന്നു; തീ ആളിയതും ഇറങ്ങിയോടി: ഞെട്ടൽ മാറാതെ തൗഫീഖ്

പന്തീരാങ്കാവ് ∙ ദേശീയ പാതയിൽ അഗ്നിക്കിരയായ കണ്ടെയ്നർ ട്രക്കിൽ നിന്ന് ഡ്രൈവർ ഹരിയാന സ്വദേശി തൗഫീഖ് (36) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തീയണയ്ക്കാൻ അഗ്നിരക്ഷാസേന ശ്രമിക്കുമ്പോഴും ഞെട്ടൽ മാറാതെ നോക്കി നിൽക്കുകയായിരുന്നു തൗഫീഖ്. ‘ഡ്രൈവിങ് സീറ്റിന്റെ അതേ ഭാഗത്ത്, ടയറിന്റെ സമീപത്തു നിന്നു തീ ആളിയതും ഇറങ്ങിയോടിയതും പെട്ടെന്നാണ്. നഗരത്തിൽ യീസ്റ്റ് നൽകിയ ശേഷം, ആലുവയ്ക്കു പോകും വഴിയാണ്. ശുചിമുറിയിൽ നിന്നു തിരിച്ചെത്തി, ലോറി സ്റ്റാർട്ട് ചെയ്തതും തീയും പുകയും ഉയർന്നത് ഒപ്പമായിരുന്നു’ – ഞെട്ടലോടെ തൗഫീഖ് പറഞ്ഞു. ലോറിയിൽ ഒറ്റയ്ക്കായിരുന്നു യാത്ര.മീഞ്ചന്തയിൽനിന്ന് അഗ്നിരക്ഷാ സേനയുടെ 2 യൂണിറ്റും വെള്ളിമാടുകുന്നിൽ നിന്ന് ഒരു യൂണിറ്റും എത്തി തീയണയ്ക്കുമ്പോഴും പൊട്ടിത്തെറി കേട്ടു. ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതായി അഗ്നിരക്ഷാ സേന അറിയിച്ചു. കാബിന്റെ അടിയിൽ തീ കണ്ടെന്നാണു ഡ്രൈവർ പറഞ്ഞതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. തീപിടിത്തമുണ്ടായതോടെ, രാമനാട്ടുകര ഭാഗത്തേക്കുള്ള വാഹനങ്ങൾ പൂർണമായി തടഞ്ഞു. അതേസമയം, വെങ്ങളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടുകയും ചെയ്തു. ഇതിനിടെ, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ആറരയോടെയാണ് അഗ്നിരക്ഷാ സേനയ്ക്കു തീയണയ്ക്കാൻ സാധിച്ചത്. ലോറിയുടെ കാബിനും ടയറും എൻജിനും കണ്ടെയ്നറിന്റെ പുറംഭാഗവുമൊക്കെ കത്തിനശിച്ചു. ലോറിയിൽ കാൽഭാഗമുണ്ടായിരുന്ന യീസ്റ്റ് നശിച്ചു. തീപിടിത്തത്തെ തുടർന്നു ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. രാത്രി വൈകിയാണു പൂർണമായി പരിഹരിച്ചത്.
Source link


