LATEST NEWS
ബസിൽ ‘സൗജന്യയാത്ര’ പ്രതിഷേധം: വനിതാ കണ്ടക്ടർക്ക് നഷ്ടം 840 രൂപ

തിരുവനന്തപുരം ∙ കെഎസ്ആർടിസി ബസിൽ സ്ത്രീകളുടെ സൗജന്യയാത്ര വൈകുന്നതിനെതിരെ മഹിളാമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധം. ബസിൽ യാത്ര ചെയ്ത പ്രവർത്തകർക്ക് വനിതാ കണ്ടക്ടർ ടിക്കറ്റ് നൽകിയെങ്കിലും പണം നൽകാതെ 22 പ്രവർത്തകർ പ്രതിഷേധ യാത്ര തുടർന്നു. ഒടുവിൽ പൊലീസ് ഇടപെടലിനെത്തുടർന്ന് പിഎംജി ജംക്‌ഷനിൽ യാത്ര അവസാനിപ്പിച്ചു. 22 പേരുടെ ടിക്കറ്റുകളുടെ തുകയായ 840 രൂപ കണ്ടക്ടർ സ്വന്തം കയ്യിൽനിന്ന് അടച്ചെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.തമ്പാനൂർ സ്റ്റാൻഡിലെത്തിയപ്പോൾ ബസിൽനിന്ന് ഇറങ്ങാൻ പൊലീസും സ്റ്റേഷൻ മാസ്റ്ററും ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. തുടർന്ന് ടിക്കറ്റ് നൽകിയെങ്കിലും പണം നൽകാൻ അവർ തയാറായില്ല. മറ്റു യാത്രക്കാരെയും ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിച്ചതോടെ പൊലീസിനെ വീണ്ടും വിവരം അറിയിച്ചു. പിഎംജി ജംക്‌ഷനിലെത്തിയ മ്യൂസിയം പൊലീസിന്റെ ഇടപെടലിനെത്തുടർന്നാണു പ്രവർത്തകർ ബസിൽനിന്ന് ഇറങ്ങിയത്.
Source link


