LATEST NEWS
അസാധാരണ രൂപമാറ്റത്തോടെ കുഞ്ഞിന്റെ ജനനം: കുറ്റക്കാർക്കെതിരെ നടപടിയെന്ത് ? മറുപടി നൽകാതെ ആരോഗ്യ വകുപ്പ്

ആലപ്പുഴ ∙ അസാധാരണ രൂപമാറ്റത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്ന മനുഷ്യാവകാശ കമ്മിഷന്റെ ചോദ്യത്തിന് അഞ്ചു മാസം പിന്നിട്ടിട്ടും മറുപടി നൽകാതെ ആരോഗ്യ വകുപ്പ്. മനുഷ്യാവകാശ കമ്മിഷൻ അംഗം വി.ഗീത ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോടാണ് 5 മാസം മുൻപ് വിഷയത്തിൽ റിപ്പോർട്ട് തേടിയത്. ജനുവരി 13ന് ആലപ്പുഴയിൽ നടന്ന സിറ്റിങ്ങിൽ തുടർചികിത്സ സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കുഞ്ഞിന്റെ മാതാപിതാക്കൾ കമ്മിഷനെ സമീപിച്ചിരുന്നു.2024 നവംബർ 8നാണ് ആലപ്പുഴ സ്വദേശികളായ ദമ്പതികൾക്ക് അസാധാരണ രൂപമാറ്റത്തോടെ കുഞ്ഞ് ജനിച്ചത്. ഗർഭകാലത്ത് കുഞ്ഞിന്റെ അമ്മയെ ചികിത്സിച്ച വനിതാ–ശിശു ആശുപത്രിയിലും സ്വകാര്യ സ്കാനിങ് സെന്ററുകളിലെ പരിശോധനകളിലും ഗർഭസ്ഥ ശിശുവിന്റെ അസാധാരണ രൂപമാറ്റം ഉൾപ്പെടെ കണ്ടെത്തിയിരുന്നില്ല. കുഞ്ഞിന്റെ ചികിത്സയും തുടർ ചികിത്സയും സൗജന്യമാക്കുമെന്നു മുൻ ആരോഗ്യ മന്ത്രി വീണാ ജോർജും സർക്കാരിന്റെ കരുതലും കൈത്താങ്ങും പദ്ധതിയിൽ കുഞ്ഞിനു സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മുൻ മന്ത്രി സജി ചെറിയാനും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് രേഖാമൂലം ഇപ്പോഴും അറിയിപ്പുകൾ ലഭിച്ചിട്ടില്ല. മാത്രമല്ല, കുഞ്ഞിനു സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന പോഷകാഹാരങ്ങളും മുടങ്ങി.
Source link


