NEWS

രേഖകളില്ലാത്ത ഒരു കോടി വാഹനങ്ങൾ: ഏകോപനത്തിലെ വീഴ്ചയിൽ സേവാകേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു

തിരുവനന്തപുരം: രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്ന ‘വാഹൻ’ പോർട്ടലിൽ കേരളത്തിലെ ഒരു കോടിയിലധികം വാഹനങ്ങളുടെ വിവരങ്ങൾ അപൂർണ്ണമായി തുടരുന്നതിന് പിന്നിൽ ഭരണപരമായ വീഴ്ചകളെന്ന് വിലയിരുത്തൽ. ഗതാഗത വകുപ്പിലെ ഉന്നതതല ഏകോപനത്തിലുണ്ടായ അപാകതകളാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. മുൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ സി.എച്ച്. നാഗരാജു വാഹന വിവരങ്ങൾ കുറ്റമറ്റതാക്കുന്നതിനായി ‘എം.വി.ഡി സേവാകേന്ദ്രങ്ങൾ’ എന്ന ആശയം ആവിഷ്കരിച്ചിരുന്നെങ്കിലും അത് പാതിവഴിയിൽ മുടങ്ങുകയായിരുന്നു. ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനായി ഭൂരിഭാഗം സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കവും ഫലവത്തായില്ല. ഇതിനിടെ അദ്ദേഹം സ്ഥലംമാറ്റപ്പെടുകയും ചെയ്തു.

അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ ശൈലിയിലുള്ള സേവാകേന്ദ്രങ്ങൾ വഴി, വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനങ്ങളുടെ വിവരങ്ങൾ അപ്പപ്പോൾ പുതുക്കാൻ അവസരമൊരുക്കാനായിരുന്നു പദ്ധതി. ഇതിലൂടെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ കയറിയിറങ്ങുന്ന സാഹചര്യം ഒഴിവാക്കാനും സാധിക്കുമായിരുന്നു. കേന്ദ്ര സർക്കാരിന്റെ ഓട്ടോ-അപ്രൂവൽ സംവിധാനം നിലവിൽ വന്നതോടെയാണ് കേരളത്തിലെ ഒരു കോടിയോളം വാഹനങ്ങളുടെ വിവരങ്ങൾ അപൂർണ്ണമാണെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഇത് പരിഹരിക്കാൻ വാഹന ഉടമകൾ നേരിട്ട് രേഖകൾ ഹാജരാക്കണമെന്ന നിർദ്ദേശം നിലവിലെ ട്രാൻസ്‌പോർട്ട് കമ്മിഷണർ സ്പർജൻ കുമാർ നൽകിയിട്ടുണ്ട്. എന്നാൽ, ഇതിനായി ഉടമകൾക്ക് വീണ്ടും ഓഫീസുകൾ കയറേണ്ടി വരുന്നതും ഇടനിലക്കാരുടെ സാന്നിധ്യം വർദ്ധിക്കുന്നതും സാധാരണക്കാർക്ക് ദുരിതമായി മാറും.

പ്രഖ്യാപനം വന്നു,
നടന്നില്ല

ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള വാഹന സംബന്ധമായ അറുപതോളം സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കാൻ ആഗസ്റ്റ് മാസത്തിൽ മോട്ടോർ വാഹന വകുപ്പ് തീരുമാനമെടുത്തിരുന്നു. സെപ്തംബർ 21-ഓടെ ഈ സൗകര്യം നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപനം. വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സുതാര്യത ഉറപ്പാക്കാനാണ് ഇത്തരം നടപടികൾ ആലോചിച്ചത്. എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ സി.എച്ച്. നാഗരാജുവിനെ ട്രാൻസ്‌പോർട്ട് കമ്മിഷണർ സ്ഥാനത്തുനിന്നും മാറ്റിയതോടെ ആ പദ്ധതിയും അനിശ്ചിതത്വത്തിലാവുകയും അട്ടിമറിക്കപ്പെടുകയുമായിരുന്നു.

Sports ⏭️

Read News ⏭️

Back to top button