NEWS

അഭിറാം കൊലക്കേസ്: പ്രതിയുടെ കാമുകി വീണ്ടും കസ്റ്റഡിയിൽ, അറസ്റ്റിന് സാധ്യത

ശ്രീകാര്യം അഭിറാം കൊലക്കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ ഉമറിന്റെ കാമുകിയെ അന്വേഷണസംഘം വീണ്ടും കസ്റ്റഡിയിലെടുത്തു. ആക്കുളം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിക്ക് കൊലപാതകത്തെക്കുറിച്ച് നേരത്തെ തന്നെ അറിവുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ രാത്രിയോടെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

കാപ്പ കേസിൽ ഉൾപ്പെടെ പ്രതിയായ ഉമർ, കൊലപാതകത്തിന് മുമ്പും ശേഷവും എല്ലാ വിവരങ്ങളും ഇവരുമായി പങ്കുവെച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. നേരത്തെ ഈ യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. അഭിറാമിനെ സംഭവസ്ഥലത്തേക്ക് വരുത്താൻ യുവതി ഒത്താശ ചെയ്തതായും സൂചനകളുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി ഉയരും.

ഈ സംഭവത്തിൽ കഴിഞ്ഞ ദിവസം പിടിയിലായ ഉമർ മുഫ്താർ, ആനന്ദ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ പതിനേഴുകാരനെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം ചൊവ്വാഴ്ച വൈകിട്ട് ഒബ്‌സർവേഷൻ ഹോമിലേക്ക് മാറ്റിയിരുന്നു. പ്രതികളെയുമൊത്ത് തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണ സംഘം ഇപ്പോൾ ഡിജിറ്റൽ തെളിവുകളും സാഹചര്യത്തെളിവുകളും ശേഖരിക്കുന്ന തിരക്കിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ, കൊലപാതകം നടന്ന ദിവസം അഭിറാം വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തു.

ഫോൺ സംഭാഷണങ്ങൾ, വാട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം ചാറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, അഭിറാമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ചാറ്റുകൾ വ്യാപകമായി മായുന്നതായി സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട്. ഈ സന്ദേശങ്ങൾ എങ്ങനെയാണ് ഡിലീറ്റ് ചെയ്യപ്പെട്ടതെന്ന കാര്യത്തിൽ പൊലീസ് പരിശോധന നടത്തിവരികയാണ്.

Sports ⏭️

Read News ⏭️

Back to top button