test del 5 copy of del 3

ഒളിപ്പിച്ചുവച്ചത് ഹൃദയാകൃതിയിൽ വിരിയുന്ന സ്പെഷൽ അമിട്ട്; ഹൃദയം നിറയ്ക്കുന്ന കാഴ്ചകൾ ചാരമായപ്പോൾ…


രാവിലെ കരിമരുന്ന് ഭൂമിയായിരുന്ന മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തെ വെട്ടിക്കെട്ട് നിർമാണശാല വൈകിട്ട് ചാരക്കൂമ്പാരമായി. രാവിലെ ചിത്രം പകർത്തിയ വെടിക്കെട്ടു പുരകൾക്കു പകരം അവയുടെ ശേഷിപ്പുകൾ മാത്രം. തിരികൊളുത്താതെ തന്നെ ഇടയ്ക്കിടെ അമിട്ടുകളുടെ പൊട്ടൽ. ബാക്കിയുള്ള ജീവനുകൾക്കു വേണ്ടി തിരച്ചിൽ… പിക്ചർ എഡിറ്റർ ഉണ്ണി കോട്ടക്കലും ഞാനും ഇന്നലെ അപകടത്തിനു മണിക്കൂറുകൾക്ക് മുൻപാണ് വെടിക്കെട്ട് ദുരന്തമുണ്ടായ തൃശൂർ മുണ്ടത്തിക്കോട് കുട്ടംകുളം പാടശേഖരത്തുള്ള തിരുമ്പാടിയുടെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണ സ്ഥലത്തു നിന്നു മടങ്ങിയത്. 24നു രാത്രിയിലുള്ള സാംപിൾ വെടിക്കെട്ടിനും 26ന് തൃശൂർ പൂരാഘോഷങ്ങൾക്കു പിന്നാലെ പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടിനും തിരുവമ്പാടി കരുതിവച്ചിരിക്കുന്ന വെടിക്കെട്ട് മായാജാലത്തിന്റെ ചിത്രങ്ങളും ഒരുക്കങ്ങളുടെ വിവര ശേഖരണവുമായിരുന്നു ലക്ഷ്യം. പറഞ്ഞുറപ്പിച്ചതിലും ഒരു മണിക്കൂറോളം വൈകി ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ‍ഞങ്ങൾ അവിടെ എത്തിയത്. പാടശേഖരത്തിൽ പലയിടത്തായി പത്തിലേറെ വെടിക്കെട്ടു പുരകൾ. ചിലത് താൽക്കാലികമായുള്ള ഷെഡുകൾ. ചിലത് നാലു ഭാഗവും കെട്ടിമറിച്ച് ചുമരുകൾ ഉള്ളത്. ആകെ കരിമരുന്ന് നിറഞ്ഞ ഭൂമിയിൽ സ്ത്രീകളടങ്ങുന്ന മുപ്പതോളം തൊഴിലാളികൾ. മിക്കവരുടെയും കയ്യിൽ കരിമരുന്നിന്റെയും കരിയുടെയും കറുപ്പ് നിറം. ചിലരുടെ കൈകാലുകളിൽ അലൂമിനിയം പടർന്നുള്ള വെള്ളിത്തിളക്കം. ഈ ഭൂമിയിലേക്ക് കയറിച്ചെല്ലുമ്പോൾ ആദ്യം വെള്ള നിറത്തിലുള്ള വെടിയുപ്പ് (സൾഫർ) വെയിലത്ത് ഉണക്കാനിട്ടിരിക്കുകയായിരുന്നു. മുന്നോട്ടുള്ള അടുത്ത സ്ഥലത്ത് നാൽപതുകാരൻ രാജേഷ് വെടിക്കോപ്പ് നിർമാണത്തിലാണ്. ഉണ്ണിയേട്ടൻ വെറും കയ്യോടെയാണോ വന്നതെന്ന നിറഞ്ഞ ചിരിയോടെയുള്ള, പരിചയം പുതുക്കിയുള്ള രാജേഷിന്റെ ചോദ്യം. തിരുവമ്പാടിയുടെ വെടിക്കെട്ട് കൺവീനറായ പി.ശശിധരൻ എന്ന ശശി വെടിക്കെട്ട് വിശേഷങ്ങൾ പങ്കുവച്ചു. ‘‘യുദ്ധക്കെടുതികൾ തുടരുന്നതിനാൽ ഇത്തവണ എല്ലാവരിലേക്കും സമാധാനവും സന്തോഷവുമെത്തിക്കാൻ ഹൃദയാകൃതിയിൽ വിരിയുന്ന സ്പെഷൽ അമിട്ട് ഞങ്ങളുടെ പ്രത്യേകതയാണ്’’–ശശി പറഞ്ഞു. പുതുമകളുടെ വിവരണം തുടരുന്നിതൊപ്പം ശശിക്കൊപ്പം വീണ്ടും ആദ്യസ്ഥലത്തേക്ക്. അവിടെ സ്ത്രീത്തൊഴിലാളികളായ ഭവാനി, പ്രേമ, സുഭദ്ര, അനിത, വത്സല എന്നിവരുടെ നേതൃത്വത്തിൽ നീളത്തിലുള്ള കരിമരുന്ന് തിരിയുടെ നിർമാണം. ഇവർക്കൊപ്പം കരിയും വെടിയുപ്പും കരിമരുന്നും ചേർത്ത വെള്ളത്തിൽ തിരികൾ മുക്കിപ്പൊക്കുകയാണ് വിൽസൺ. വിൽസൺ നൽകുന്ന തിരികൾ സ്ത്രീകൾ ഓരോന്നായി വേർതിരിച്ചെടുക്കുന്നു. ശേഷം ആദ്യ സ്ഥലത്തെത്തിയപ്പോൾ തിരുവമ്പാടിക്കായി വെടിക്കെട്ട് ഒരുക്കുന്ന ലൈസൻസി മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീശ് എത്തി. അവിടെ ഗുണ്ടുകളുടെയും അമിട്ടുകളുടെയും നിർമാണം. എല്ലാവരും ഒരുമിച്ചുള്ള ചിത്രമെടുക്കാമെന്ന് ഉണ്ണി കോട്ടക്കൽ ആവശ്യപ്പെട്ടതോടെ ശശിധരൻ തൊഴിലാളികളെ വിളിച്ച് കൂടെയിരുത്തി പടമെടുപ്പിച്ചു. വലിയ അമിട്ടുകൾക്കു തൊട്ടടുത്തായി ‍ഞങ്ങൾ. സമീപത്തുള്ള ചെറിയ വാഴത്തോപ്പിലെ വാഴകളിലൊന്നിൽ പഴുത്തു തുടങ്ങിയ പഴത്തിന്റെ കല തൂക്കിയിട്ടിട്ടുണ്ട്. ‘‘നിർമാണത്തിനിടയിൽ കരിമരുന്ന്, അലൂമിനിയം തുടങ്ങിയവ ശരീരത്തിനുള്ളിലെത്തുന്നത് പതിവാണ്. അതു വേഗം പുറത്തു കടക്കാനാണിത്.’’ –കൗതുകത്തോടെ പഴക്കുലയിൽ നോക്കി നിന്ന എന്നോട് തൊഴിലാളികളൊരാൾ പറഞ്ഞു. 


Source link

Back to top button