test del 3
റിസർവ് സീറ്റ് ഉപയോഗം: പരശുറാം എക്സ്പ്രസ് രാജ്യത്ത് ഒന്നാമത്; ഒക്യുപെൻസിയൽ ആദ്യ പത്തിൽ എട്ടും കേരളത്തിൽ

തിരുവനന്തപുരം ∙ രാജ്യത്ത് ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള (റിസർവ് ചെയ്യുന്ന സീറ്റുകളുടെ ഉപയോഗ നിരക്ക്) എക്സ്പ്രസ് ട്രെയിനുകളിൽ ആദ്യ പത്തിൽ എട്ടും കേരളത്തിലോടുന്നവ. 267.67% ഒക്യുപെൻസിയുള്ള കന്യാകുമാരി–മംഗളൂരു പരശുറാം എക്സ്പ്രസാണു രാജ്യത്ത് ഒന്നാമത്. രാജ്യത്തെ ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള 10 വന്ദേഭാരതുകളിൽ 4 എണ്ണം കേരളത്തിലാണ്. തിരുവനന്തപുരം–മംഗളൂരു വന്ദേഭാരത് ആണ് (187.78 %) ഒന്നാമത്. വാരാണസി– മീററ്റ് (181.53%), മംഗളൂരു–തിരുവനന്തപുരം (173.33%), കാസർകോട്–തിരുവനന്തപുരം (172.87%), മീററ്റ്–വാരാണസി (172.16%), പട്ന–ഗോമതി നഗർ (163.08%), തിരുവനന്തപുരം–കാസർകോട് (159.36%), അജ്മേർ–ചണ്ഡിഗഡ് (158.21%), ഡൽഹി–ജോധ്പുർ (156.69%), ഗോമതി നഗർ–പട്ന (155.97 %) എന്നിവയാണ് 2 മുതൽ 10 വരെ സ്ഥാനങ്ങളിലുള്ള വന്ദേഭാരത് ട്രെയിനുകൾ. സ്പെഷൽ ട്രെയിനുകളിൽ ഏറ്റവും കൂടുതൽ പേർ സഞ്ചരിച്ചതും ദക്ഷിണ റെയിൽവേയിലാണ്. 1312 യാത്രക്കാരാണ് ശരാശരി ഒരു ട്രിപ്പിൽ യാത്ര ചെയ്തത്. ദേശീയ ശരാശരി 894 ആണ്. റിസർവ്ഡ് ട്രെയിനുകളിലെ ഒക്യുപെൻസി (96%, ദേശീയ ശരാശരി 87%), തത്കാൽ ക്വോട്ട ഉപയോഗം (92%, ദേശീയ ശരാശരി 71%) തുടങ്ങിയ വിവിധ വിഭാഗങ്ങളിലും മികച്ച നേട്ടമാണു പ്ലാറ്റിനം ജൂബിലി വർഷത്തിൽ ദക്ഷിണ റെയിൽവേ കൈവരിച്ചത്. ഉത്തരേന്ത്യയിലോടുന്നതിന്റെ പകുതി പ്രീമിയം ട്രെയിനുകൾ പോലുമില്ലാതെയാണു ദക്ഷിണ റെയിൽവേയുടെ നേട്ടം.
Source link


