NATIIONAL

യെസ് കൊൽക്കത്ത! ‘നോ’ ബോളും ‘സൂപ്പർ ഓവറും ലക്നൗവിനു രക്ഷയായില്ല; ത്രില്ലർ പോരിൽ ജയിച്ച് ‘അടിവാരം’ വിട്ട് കെകെആർ


ലക്നൗ ∙ ‘ലോ സ്കോറിങ്’ മത്സരത്തിൽ ത്രിൽ ഇല്ലെന്ന് ആരു പറഞ്ഞു? ആവേശം സൂപ്പർ ഓവറിലേക്കും നീണ്ട മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സൂപ്പർ ഓവറിൽ ലക്നൗ കുറിച്ച് രണ്ടു റൺസ് വിജയലക്ഷ്യം ആദ്യ പന്തിൽ തന്നെ കൊൽക്കത്ത നേടുകയായിരുന്നു. നിക്കോളാസ് പുരാൻ (0), എയ്ഡൻ മാർക്രം (0) എന്നിവർ പുറത്തായതോടെ മൂന്നു പന്തിൽ വെറും ഒരു റൺസുമായി ലക്നൗവിന്റെ സൂപ്പർ ഓവർ അവസാനിക്കുകയായിരുന്നു. കൊൽക്കത്തയ്ക്കു വേണ്ടി ആദ്യ പന്തു നേരിട്ട റിങ്കു സിങ്, ബൗണ്ടറിയടിച്ച് വിജയം ഉറപ്പിച്ചു. ജയത്തോടെ കൊൽക്കത്ത എട്ടാം സ്ഥാനത്തേയ്ക്കു കയറി. ലക്നൗ അവസാനസ്ഥാനത്തുമായി. മുംബൈ ഇന്ത്യൻസാണ് ഒൻപതാമത്. മറുപടി ബാറ്റിങ്ങിൽ, രണ്ടാം ഓവറിൽ തന്നെ ഓപ്പണർ മിച്ചൽ മാർഷിനെ (3 പന്തിൽ 2) ലക്ൗവിനു നഷ്ടമായിരുന്നു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച എയ്‍ഡൻ മാർക്രം– ഋഷഭ് പന്ത് സഖ്യം 57 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്കോർബോർഡിനു ‘ജീവൻ’ വച്ചില്ല. മാർക്രം 27 പന്തിൽ 31 റൺസെടുത്തപ്പോൾ പന്ത് 38 പന്തിലാണ് 42 റൺസെടുത്തത്. 11–ാം ഓവറിൽ മാർക്രത്തെ വീഴ്ത്തി കാമറൂൺ ഗ്രീനാണ് കൂട്ടുകെട്ട് പൊളിച്ചത്. അധികം വൈകാതെ ഋഷഭ് പന്തിനെ സുനിൽ നരെയ്നും മടക്കി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണതോടെ ലക്നൗ പതറി. നിക്കോളസ് പുരാൻ (12 പന്തിൽ 9), മുകുൾ ചൗധരി (2 പന്തിൽ 1), ആയുഷ് ബദോനി (19 പന്തിൽ 24) എന്നിവർ വീണതോടെ ലക്നൗ ഏതാണ്ട് തോൽവി ഉറപ്പിച്ചു. പിന്നീട് ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഹിമ്മത്ത് സിങ്ങും (10 പന്തിൽ 19), മുഹമ്മദ് ഷമിയും (6 പന്തിൽ 11*) ചേർന്ന് സമനിലയിലെത്തിക്കുകയായിരുന്നു.


Source link

Back to top button