NATIIONAL
‘ആനിവേഴ്‌സറി’ ഹാട്രിക് ഫോറോടെ തുടങ്ങി സഞ്ജു, ഫിഫ്റ്റി ജസ്റ്റ് മിസ്; ഒടുക്കം ചെന്നൈയെ ‘ഒതുക്കി’ കൊൽക്കത്ത

ചെന്നൈ∙ സഞ്ജു സാംസണും ആയുഷ് മാത്രെയും നൽകിയ തുടക്കത്തിന്, ഒടുക്കം ബോളർമാർ കടിഞ്ഞാൺ ഇട്ടതോടെ കൊൽക്കത്തയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ സ്കോർ 200ൽ താഴെ ഒതുങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. കൊൽക്കത്തയ്ക്ക് 193 റൺസ് വിജയലക്ഷ്യം. വെറും രണ്ടു റൺസകലെ അർധസെഞ്ചറി നഷ്ടമായ സഞ്ജു സാംസൺ (32 പന്തിൽ 48), ആയുഷ് മാത്രെ (17 പന്തിൽ 38), ഡെവാൾഡ് ബ്രവിസ് (29 പന്തിൽ 41), സർഫറാസ് ഖാൻ (18 പന്തിൽ 23) എന്നിവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ ഭേദപ്പെട്ട സ്കോർ നേടിയത്.മാത്രേ കളംനിറഞ്ഞതോടെ താരത്തിനു സ്ട്രൈക്ക് കൈമാറാൻ സഞ്ജു ശ്രദ്ധിച്ചു. നാലാം ഓവറിൽ കാമറൂൺ ഗ്രീനെതിരെ രണ്ടു ഫോറും രണ്ടു സിക്സുമടക്കം 20 റൺസാണ് മാത്രേ അടിച്ചുകൂട്ടിയത്. ഒപ്പം സഞ്ജുവും ഉറച്ച പിന്തുണ നൽകിയതോടെ പവർപ്ലേയിൽ സ്കോർ കുതിച്ചു. പവർപ്ലേയിലെ അവസാനപന്തിൽ വൈഭവ് അറോറ, മാത്രയെ പുറത്താക്കുമ്പോൾ ചെന്നൈ സ്കോർ 72ൽ എത്തിയിരുന്നു. ഐപിഎലിൽ കൊൽക്കത്തയ്ക്കെതിരെ ചെന്നൈയുടെ ഏറ്റവും ഉയർന്ന രണ്ടാമത്ത പവർപ്ലേ സ്കോറാണിത്. 2018ൽ നേടിയ 75/1 ആണ് ഒന്നാമത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും മാത്രെയും 47 റൺസ് കൂട്ടിച്ചേർത്തു.ആറാം വിക്കറ്റിൽ ഒന്നിച്ച ശിവം ദുബെ (12 പന്തിൽ 13), ജാമി ഓവർട്ടൺ (6 പന്തിൽ 7) എന്നിവർക്ക് കൂറ്റനടികൾക്ക് സാധിക്കാതെ വന്നതോടെ ചെന്നൈ സ്കോർ 200ൽ താഴെ ഒതുങ്ങി. കൊൽക്കത്തയ്ക്കായി കാർത്തിക് ത്യാഗി രണ്ടു വിക്കറ്റെടുത്തപ്പോൾ വൈഭവ് അറോറ, അനുകൂൽ റോയ്, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Source link


