NEWS

താലിമാല പണയം വെച്ച് പണം നൽകി; മേരിയുടെ ചതിയിൽ യുവാവ് ജീവനൊടുക്കി

കൊല്ലം ∙ ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് വിസ തട്ടിപ്പ് നടത്തിയതിനെ തുടർന്ന് സൈജു ഹെൻട്രി പീറ്റർ (39) ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്ര ഗ്ലോബൽ ട്രാവൽസ് ഉടമകൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. വിസയ്ക്കായി അഞ്ച് ലക്ഷം രൂപ നൽകിയത് താലിമാല പണയം വെച്ചാണെന്നും, പണം നൽകിയ ശേഷം എസ്ര ട്രാവൽ ഏജൻസി ഉടമ മേരി ലോപ്പസിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൈജുവിന്റെ ഭാര്യ ആൻസി വെളിപ്പെടുത്തി.

കുടുംബം കടുത്ത കടക്കെണിയിലാണെന്നും വീട് ജപ്തിയിലേക്ക് നീങ്ങുകയാണെന്നുമുള്ള വിവരം മേരി ലോപ്പസിനെ അറിയിച്ചപ്പോൾ, പണം തിരികെ നൽകാമെന്ന് ഉറപ്പു നൽകി അവർ കബളിപ്പിക്കുകയായിരുന്നുവെന്നും ആൻസി പറഞ്ഞു. കടം വാങ്ങിയും സ്വർണം പണയം വെച്ചും സമാഹരിച്ച അഞ്ച് ലക്ഷം രൂപയാണ് മേരി ലോപ്പസിന്റെ കൈവശം എത്തിച്ചത്. ആറ് മാസത്തിനുള്ളിൽ വിസ ശരിയാകുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ആദ്യം ഫോൺ വിളിച്ചപ്പോൾ പണം തിരികെ നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്നും ആൻസി കൂട്ടിച്ചേർത്തു.

വിദേശ ജോലി തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപ കൈക്കലാക്കിയ എസ്ര ട്രാവൽ ഏജൻസി ഉടമ മേരി ലോപ്പസിനെയും സിഇഒ അരുണിനെയും ചണ്ഡിഗഡിൽ നിന്നും അഞ്ചാലുംമൂട് പൊലീസ് പിടികൂടിയിരുന്നു. പല ഉദ്യോഗാർത്ഥികളിൽ നിന്നും ഏഴ് ലക്ഷം രൂപ വരെയാണ് ഇവർ ഈടാക്കിയത്. കുരീപ്പുഴ ബൈപാസിൽ പ്രവർത്തിക്കുന്ന എസ്ര ഗ്ലോബൽ ട്രാവൽസിന്റെ മറവിൽ മാത്രം ഏകദേശം നാലര കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കേസ്.

Fashion ⏭️

Back to top button