ഒക്ടോബറിൽ 30,000 യൂണിറ്റ് വിൽപ്പന പിന്നിട്ട് ടൊയോട്ട

2026 ഒക്ടോബർ മാസത്തിൽ ടൊയോട്ട കിർലോസ്കർ മോട്ടോർ (TKM) വിപണിയിൽ എത്തിച്ചത് ആകെ 30,360 വാഹനങ്ങളാണ്. ഇതിൽ 29,521 എണ്ണം ഇന്ത്യയിലെ വിപണിയിലും, 839 എണ്ണം വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തു. 2026-ലെ ജനുവരി മുതൽ ഒക്ടോബർ വരെയുള്ള പത്ത് മാസക്കാലയളവിൽ കമ്പനിയുടെ മൊത്തം വിൽപനയിൽ മുൻവർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 3,15,716 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഇത്തവണ അത് 3,25,274 യൂണിറ്റായി ഉയർന്നു.
രാജ്യത്തിനകത്തെ വിൽപനയിൽ നാല് ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ 2,99,140 വാഹനങ്ങൾ ഉപഭോക്താക്കളിലെത്തിക്കാൻ കമ്പനിക്ക് സാധിച്ചു. 2025-ലെ ആദ്യ പത്ത് മാസങ്ങളിൽ ഇത് 2,87,338 യൂണിറ്റുകളായിരുന്നു. എന്നാൽ കയറ്റുമതിയുടെ കാര്യത്തിൽ എട്ട് ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. മുൻവർഷം 28,378 യൂണിറ്റുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്ത സ്ഥാനത്ത് ഇത്തവണ അത് 26,134 എണ്ണമായി ചുരുങ്ങി.
നിലവിലെ ഉത്സവ സീസൺ വിപണിയിൽ വലിയ ഉണർവാണ് ഉണ്ടാക്കുന്നതെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (സെയിൽസ്, സർവീസ്, യൂസ്ഡ് കാർ ബിസിനസ്) സബരി മനോഹർ അഭിപ്രായപ്പെട്ടു. മികച്ച വാഹനനിരയും ഉപഭോക്താക്കൾക്ക് നൽകുന്ന ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും തങ്ങളുടെ വിൽപനയ്ക്ക് കരുത്താകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ടൊയോട്ട ഗ്ലാൻസയ്ക്ക് വിപണിയിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആകർഷകമായ ഡിസൈനും വിപുലമായ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിരിക്കുന്ന ഗ്ലാൻസ ഉപഭോക്താക്കൾക്കിടയിൽ വലിയ തരംഗമായി മാറിയിട്ടുണ്ടെന്നും കമ്പനി വിലയിരുത്തുന്നു.




