എയർ ഇന്ത്യയെ ലാഭകരമാക്കാൻ ടാറ്റയുടെ പുനഃസംഘടന; ഗെബ്രെമറിയം ടീമിന് ചുമതല, ഉന്നത ഉദ്യോഗസ്ഥർക്ക് മാറ്റം

എയർ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധികൾക്ക് അറുതി വരുത്തുന്നതിനും സ്ഥാപനത്തെ അടിമുടി ഉടച്ചുവാർക്കുന്നതിനുമായി ‘ടീം ഗെബ്രെമറിയം’ അരങ്ങേറ്റം കുറിക്കുന്നു. പുനഃസംഘടനയുടെ ഭാഗമായി ഉന്നതതലത്തിൽ വൻ അഴിച്ചുപണികൾ ഉണ്ടാകുമെന്നും പുതിയ നിയമനങ്ങൾ നടക്കുമെന്നുമാണ് വിവരം. ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരന്റെ പൂർണ്ണ പിന്തുണയോടെയാണ് ഈ നീക്കങ്ങൾ നടപ്പിലാക്കുന്നത്. ആഗോളതലത്തിൽ വിമാനക്കമ്പനികളിൽ പ്രവർത്തിച്ച് മുൻപരിചയമുള്ള വിദഗ്ധരെ നേതൃനിരയിൽ കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലവിലെ ചീഫ് കൊമേഴ്സ്യൽ ആൻഡ് ട്രാൻസ്ഫോർമേഷൻ ഓഫീസർ (സിസിടിഒ) നിപുൻ അഗർവാളിനെ ആ സ്ഥാനത്തുനിന്ന് മാറ്റാൻ സാധ്യതയുണ്ട്, അദ്ദേഹത്തിന് കമ്പനിയിൽ മറ്റൊരു പദവി നൽകിയേക്കുമെന്നും സൂചനകളുണ്ട്. എന്നിരുന്നാലും, ടാറ്റ ഗ്രൂപ്പോ എയർ ഇന്ത്യയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ നിപുൻ അഗർവാളിനെ സിഇഒ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ ഉൾപ്പെടെയുള്ളവരുടെ എതിർപ്പിനെത്തുടർന്ന് ആ തീരുമാനം ഉപേക്ഷിക്കുകയും ഇത്യോപ്യൻ എയർലൈൻസിൽനിന്ന് ഗെബ്രെമറിയത്തെ എത്തിക്കുകയുമായിരുന്നു.
2022-ൽ കേന്ദ്രസർക്കാരിൽനിന്ന് ടാറ്റ ഏറ്റെടുത്തതിനുശേഷവും എയർ ഇന്ത്യയുടെ കടക്കെണിക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കമ്പനിയുടെ നഷ്ടം കഴിഞ്ഞ വർഷം ഇരട്ടിയായി വർധിച്ചതാണ് വലിയ ആശങ്കയാകുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ 10,858.83 കോടി രൂപയായിരുന്ന നഷ്ടം, 2025-26 വർഷത്തിൽ 22,238.23 കോടി രൂപയിലേക്ക് കുതിച്ചുയർന്നു. യാത്രാനിരക്കിലെ ഇടിവ്, ഉയർന്ന പ്രവർത്തനച്ചെലവ്, അഹമ്മദാബാദ് വിമാന അപകടം എന്നിവയാണ് ഈ വൻ നഷ്ടത്തിന് കാരണമായി വാർഷിക റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ഈ പ്രതിസന്ധികൾ ടാറ്റ ഗ്രൂപ്പിനുള്ളിൽ വലിയ തർക്കങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഏറ്റെടുത്ത പുതിയ ബിസിനസുകൾ ലാഭകരമല്ലെന്ന വിമർശനം എൻ. ചന്ദ്രശേഖരന്റെ രാജി പ്രഖ്യാപനത്തിലേക്ക് വരെ എത്തിച്ചെങ്കിലും ഡയറക്ടർ ബോർഡ് ഇടപെട്ട് അദ്ദേഹത്തെ തുടരാൻ അനുവദിക്കുകയായിരുന്നു. കൂടാതെ, അഹമ്മദാബാദ് വിമാന അപകടം കൈകാര്യം ചെയ്ത രീതിയിൽ വീഴ്ച സംഭവിച്ചതിനെത്തുടർന്ന് സിഇഒ കാംപ്ബെൽ വിൽസന് കാലാവധി പൂർത്തിയാകും മുൻപേ പടിയിറങ്ങേണ്ടിയും വന്നു.
ദശാബ്ദങ്ങളോളം ഇത്യോപ്യൻ എയർലൈൻസിനെ വളർച്ചയിലേക്ക് നയിച്ച ഗെബ്രെമറിയത്തിന്റെ വരവ് എയർ ഇന്ത്യയ്ക്ക് കരുത്താകുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. പാകിസ്ഥാൻ എയർലൈൻസ് അടക്കമുള്ളവർ സ്വന്തമാക്കാൻ ശ്രമിച്ച ഗെബ്രെമറിയം കഴിഞ്ഞ ഒക്ടോബറിലാണ് എയർ ഇന്ത്യയുടെ ചുമതലയേറ്റത്. കമ്പനിയുടെ അമിതമായ പ്രവർത്തനച്ചെലവും സാമ്പത്തിക നഷ്ടവും കുറയ്ക്കുന്നതിലാണ് അദ്ദേഹം മുൻഗണന നൽകുന്നത്. ചെറിയ രീതിയിലുള്ള അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിനായി ജീവനക്കാരുടെ ആശയങ്ങളും സഹകരണവും പ്രോത്സാഹിപ്പിക്കാനും, മികച്ച നിർദേശങ്ങൾ സമർപ്പിക്കുന്നവർക്ക് പാരിതോഷികങ്ങൾ നൽകാനും പദ്ധതിയുണ്ട്. ഡൽഹിയിൽ മാത്രമായി ഒതുങ്ങാതെ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പുതിയ ഹബ്ബുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതി കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഗെബ്രെമറിയം വിശദീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.




