SPORTS
36 റൺസ് ഓൾ ഔട്ട്, നാണക്കേടിൽ കോലിയും കൈവിട്ടു, ഇന്ത്യൻ ടീമിനെ രക്ഷിച്ച അജിൻക്യ, ക്യാപ്റ്റൻസിയിൽ ‘രണ്ടാമൂഴം’ മാത്രം

മുംബൈ∙ അജിൻക്യ എന്ന വാക്കിന് കീഴടക്കാൻ സാധിക്കാത്തത് എന്നാണ് അർഥം. ഇന്ത്യൻ ക്രിക്കറ്റിലെ വെറ്ററൻ താരങ്ങളിലൊരാളായ അജിൻക്യ രഹാനെ ഇന്ത്യയെ തോൽവി അറിയാതെ നയിച്ച ക്യാപ്റ്റനാണ്. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ക്യാപ്റ്റനെന്ന നിലയിൽ തോൽവി വഴങ്ങാതെയാണ് രഹാനെ കരിയർ അവസാനിപ്പിക്കുന്നത്. 2020-21 ലെ ബോർഡർ ഗാവസ്കർ ട്രോഫിയിലാണ് ക്യാപ്റ്റന്‍സിയിൽ രഹാനെയുടെ ‘ബ്രില്യൻസിനു’ രാജ്യം സാക്ഷിയായത്. പരുക്കിന്റെ പിടിയിലായ ഇന്ത്യൻ ടീമിനെ സ്ഥിരം ക്യാപ്റ്റൻ വിരാട് കോലി കൈവിട്ടപ്പോൾ, 2–1ന്റെ വീരോചിത വിജയം നേടിക്കൊടുക്കാൻ നേതൃത്വം നൽകിയത് രഹാനെയുടെ മികവായിരുന്നു. പരമ്പര 2–1ന് വിജയിച്ച ഇന്ത്യ, ഗാബയിൽ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചും ചരിത്രമെഴുതി.സിഡ്നിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ അഞ്ചാം ദിനം വരെ പൊരുതിയ ഇന്ത്യ സമനിലയും പിടിച്ചെടുത്തു. ഗാബയിൽ നടന്ന നാലാം ടെസ്റ്റിൽ മത്സരത്തിന്റെ അവസാന ദിവസം 328 റൺസ് വിജയലക്ഷ്യം ചേസ് ചെയ്തു വിജയിച്ച ഇന്ത്യ, 32 വർഷത്തിനിടെ ഓസ്ട്രേലിയയെ ഈ ഗ്രൗണ്ടിലെ ആദ്യ തോൽവിയിലേക്കു തള്ളിവിട്ടു. രണ്ടാം വിജയത്തോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കുകയായിരുന്നു. 268 റൺസാണ് രഹാനെ ഈ പരമ്പരയിൽ സ്കോർ ചെയ്തത്. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, ആര്‍. അശ്വിൻ തുടങ്ങിയ മുന്‍നിര താരങ്ങൾക്കു പരുക്കേറ്റപ്പോഴും സമ്മര്‍ദത്തിൽ പെടാതെ, രഹാനെ ഇന്ത്യയുടെ തിരിച്ചടിക്കു നേതൃത്വം നൽകി.2017 ൽ ധരംശാലയിൽ ഓസ്ട്രേലിയയ്ക്കെതിരെയും 2018 അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യയുടെ ടെസ്റ്റ് വിജയങ്ങൾക്കും നേതൃത്വം നൽകി. സിംബാബ്‍വെയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളിൽ ക്യാപ്റ്റനായ രഹാനെ, എല്ലാ കളികളും ജയിപ്പിച്ചു. സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും ടീമിനെ നയിച്ച രഹാനെയ്ക്ക് ഒരു വിജയവും ഒരു തോൽവിയുമാണുള്ളത്.
Auto ⏭️


