HEALTH
റേഡിയേഷൻ ഭയമില്ലാതെ എം.ആർ.ഐ സ്കാനിങ്; കുട്ടികളിൽ ശ്വാസകോശ രോഗങ്ങൾ കണ്ടെത്താൻ പുതിയവഴി

കുട്ടികളിലെ വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ കൃത്യസമയത്ത് നിരീക്ഷിക്കുന്നതിൽ വലിയ വെല്ലുവിളിയായിരുന്ന റേഡിയേഷൻ ഭീതിക്ക് വിരാമമിടുന്നു. ആവർത്തിച്ചുള്ള സ്കാനുകൾ വഴി കുട്ടികളിൽ ഉണ്ടാകുന്ന അയോണൈസിങ് റേഡിയേഷൻ പാർശ്വഫലങ്ങൾ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ വ്യക്തമായി നിരീക്ഷിക്കാൻ കഴിയുന്ന നൂതന എം.ആർ.ഐ സാങ്കേതികവിദ്യയാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ബ്രിട്ടനിലെ ഷെഫീൽഡ് സർവകലാശാലയിലെ ‘പോളാരിസ്’ ഗവേഷക സംഘമാണ് ഈ വിപ്ലവകരമായ മുന്നേറ്റത്തിന് പിന്നിൽ. സാധാരണയായി ശ്വാസകോശം വായു നിറഞ്ഞതും നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നതുമായ അവയവമായതിനാൽ പരമ്പരാഗത രീതിയിൽ എം.ആർ.ഐ സ്കാൻ വഴി വ്യക്തമായ ചിത്രം ലഭിക്കുക ഏറെ പ്രയാസകരമാണ്. ഈ വെല്ലുവിളിക്ക് ഷെഫീൽഡ് സർവകലാശാലയിലെ ഗവേഷകർ മികച്ചൊരു പരിഹാരമാണ് കണ്ടെത്തിയിരിക്കുന്നത്. ഹൈപർപോളറൈസ്ഡ് സെനോൺ-129 എന്ന പ്രത്യേക രീതിയിലുള്ള വാതകം രോഗികൾ ശ്വാസമെടുത്ത് ഉള്ളിലേക്ക് വലിച്ചാണ് പരിശോധന നടത്തുന്നത്. സ്കാനിങ് വേളയിൽ ഏതാനും സെക്കൻഡുകൾ ശ്വാസം അടക്കിപ്പിടിക്കാൻ ആവശ്യപ്പെടുന്ന ഈ വാതകം എം.ആർ.ഐ സ്കാനറിന് എളുപ്പത്തിൽ കണ്ടെത്താനാകുന്ന ശക്തമായ സിഗ്നലുകൾ നൽകുന്നു. ഈ നൂതന സാങ്കേതികവിദ്യയിലൂടെ ശ്വാസകോശത്തിന്റെ ഘടനയ്ക്ക് പുറമെ വായു എവിടേക്കെല്ലാം എത്തുന്നുണ്ട്, രക്തത്തിലേക്ക് ഗ്യാസ് കൈമാറ്റം എങ്ങനെ നടക്കുന്നു തുടങ്ങിയ സങ്കീർണ്ണമായ വിവരങ്ങൾ റേഡിയേഷന്റെ ഒരു ചെറിയ കണിക പോലും ശരീരത്തിലേക്ക് ഏൽക്കാതെ ഡോക്ടർമാർക്ക് മനസ്സിലാക്കാൻ സാധിക്കും. സിസ്റ്റിക് ഫൈബ്രോസിസ് ബാധിച്ച കുട്ടികളിൽ പരമ്പരാഗത സി.ടി സ്കാനുകളിൽ പോലും കണ്ടെത്താനാകാത്ത പ്രാരംഭ ഘട്ടത്തിലെ ശ്വാസകോശ തകരാറുകൾ ഈ സാങ്കേതികവിദ്യയിലൂടെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. യു.കെയിലെ ഷെഫീൽഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഈ സംവിധാനം ഇതിനോടകം തന്നെ രോഗീപരിചരണത്തിനായി ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. കുട്ടികൾക്ക് മിനിറ്റുകൾക്കകം പൂർത്തിയാക്കാൻ കഴിയുന്ന ഈ സ്കാനിങ് രീതി നിലവിലുള്ള എം.ആർ.ഐ മെഷീനുകളിലും ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഇതിനായി ജി.ഇ ഹെൽത്ത് കെയറുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും നിലവിലുള്ള ഉപകരണങ്ങളിൽ ഈ സാങ്കേതികവിദ്യ സജ്ജമാക്കാനുള്ള ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും സംഘം അറിയിച്ചു. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുമായി മല്ലിടുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയൊരു ആശ്വാസമാകുന്നതാണ് ഈ പുതിയ കണ്ടെത്തൽ.
Life Style ⏭️


