ജയിലിൽ ഗുരുതര രോഗം, പുറത്തിറങ്ങിയാൽ സുഖവാസം: തച്ചങ്കരിക്കെതിരെ ഹൈക്കോടതി വിമർശനം

കൊച്ചി ∙ വിദേശത്ത് ജോലിയിൽ പ്രവേശിക്കുന്നതിനായി ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്ന വ്യക്തിയാണ് തച്ചങ്കരിയെന്ന് കോടതി ഓർമ്മിപ്പിച്ചു. അങ്ങനെയൊരാൾക്ക് ജയിൽ മോചിതനായ ഉടൻ തന്നെ വിദേശത്ത് പോയി ജോലി ചെയ്യാൻ സാധിക്കുമെന്ന് വാദിക്കുന്നത് വിരോധാഭാസമാണെന്ന് ജസ്റ്റിസ് എ. ബദറുദീൻ നിരീക്ഷിച്ചു. അതീവ ഗുരുതരമായ രോഗാവസ്ഥയിലുള്ള ഒരാൾക്ക് വിദേശത്ത് ജോലി ചെയ്യുന്നത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ജയിലിലേക്ക് പോകുമ്പോൾ കടുത്ത രോഗവും പുറത്തിറങ്ങിയാൽ സുഖവാസവും തേടുന്ന പ്രവണത പലർക്കുമുണ്ടെന്ന പരാമർശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ കോട്ടയം വിജിലൻസ് കോടതി നാല് വർഷത്തെ തടവിന് ശിക്ഷിച്ച തച്ചങ്കരിക്ക് പിന്നീട് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. വിദേശയാത്ര പാടില്ലെന്ന നിബന്ധനയായിരുന്നു ജാമ്യത്തിലെ പ്രധാന വ്യവസ്ഥ. എന്നാൽ, ഷാർജയിലുള്ള ഒരു ജ്വല്ലറി ശൃംഖലയിൽ ഓപ്പറേഷൻസ് മാനേജറായി ജോലി ചെയ്യുന്ന താൻ, ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളവിനായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനു പുറമെ ദുബായിലെ ഒരു ഐടി കൺസൾട്ടൻസി സ്ഥാപനത്തിൽ തനിക്ക് പങ്കാളിത്തമുണ്ടെന്നും ഹർജിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിചാരണാ വേളയിൽ വിദേശത്തായിരുന്നിട്ടും കോടതി ആവശ്യപ്പെട്ട ദിവസങ്ങളിലെല്ലാം കൃത്യമായി ഹാജരായിരുന്നുവെന്നും, ജാമ്യ വ്യവസ്ഥകൾ പൂർണ്ണമായും പാലിച്ചിട്ടുണ്ടെന്നും തച്ചങ്കരിയുടെ അഭിഭാഷകൻ വാദിച്ചു.




