NEWS

ദീപാവലിക്ക് 15 പവൻ സ്വർണം ആവശ്യപ്പെട്ട് സ്ത്രീധന പീഡനം; പുണെയിൽ യുവതി മരിച്ച നിലയിൽ

പുണെയിൽ യുവതിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി മുതൽ കാണാതായ പായൽ സാംബ്രെ പാട്ടീൽ (34) എന്ന യുവതിയെയാണ് മറ്റൊരു ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായുള്ള തർക്കത്തെത്തുടർന്ന് ഇറങ്ങിപ്പോയതാണ് യുവതിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഭർതൃവീട്ടുകാരുടെ ഭാഗത്തുനിന്നുണ്ടായ ക്രൂരമായ പീഡനമാണ് മരണത്തിന് കാരണമായതെന്നാണ് പായലിന്റെ കുടുംബം ഉറപ്പിച്ചു പറയുന്നത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പായലിന്റെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഐടി രംഗത്ത് ജോലി ചെയ്തിരുന്ന പായൽ 2021-ലാണ് അക്ഷയ് സാംബ്രെ പാട്ടീലിനെ വിവാഹം ചെയ്തത്. ഈ ദമ്പതികൾക്ക് ഒരു മകളുമുണ്ട്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പായലിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. എല്ലാ ദീപാവലി കാലത്തും വീട്ടിൽ നിന്നും 10 തോല (14.5 പവൻ) സ്വർണം വീതം കൊണ്ടുവരണമെന്ന് പറഞ്ഞ് ഇവർ പായലിനെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചിരുന്നു. തന്റെ സഹോദരിയെ കാണാനില്ലെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ ഭർത്താവും വീട്ടുകാരും യാതൊരുവിധത്തിലുള്ള ദുഃഖവും പ്രകടിപ്പിച്ചിരുന്നില്ലെന്ന് പായലിന്റെ സഹോദരൻ ഋഷികേശ് പവാർ വ്യക്തമാക്കി. ഭർതൃവീട്ടിൽ താൻ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് പായൽ നേരത്തെ തന്നെ വീട്ടുകാരോട് വെളിപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Fashion ⏭️

Back to top button