മേട്ടുപ്പാളയം-ഊട്ടി പൈതൃക ട്രെയിൻ സർവീസ് തിങ്കളാഴ്ച വരെ റദ്ദാക്കി

കോയമ്പത്തൂർ ∙ മേട്ടുപ്പാളയം – ഊട്ടി പൈതൃക ട്രെയിൻ സർവീസ് തിങ്കളാഴ്ച വരെ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. പാതയിൽ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. കനത്ത മഴയെത്തുടർന്ന് ട്രാക്കിന്റെ അറുപതോളം ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ കഴിഞ്ഞ ഒക്ടോബർ 24 മുതൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
നിലവിൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും, ഇളകി കിടക്കുന്ന മണ്ണിൽ നിന്നും പാറകൾ അടക്കമുള്ളവ പാളത്തിലേക്ക് വീഴുന്നത് അറ്റകുറ്റപ്പണികൾക്ക് തടസ്സമാകുന്നുണ്ട്. നവംബർ രണ്ട് മുതൽ നീലഗിരി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ മഴ ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. അതിനാൽ, മേട്ടുപ്പാളയം- കൂനൂർ റെയിൽ പാതയിലെ സർവീസുകൾ പുനരാരംഭിക്കുന്നത് കാലാവസ്ഥ അനുകൂലമാണോ എന്നതിനെ ആശ്രയിച്ചിരിക്കും. അതേസമയം, ഊട്ടി – കൂനൂർ റൂട്ടിലെ ട്രെയിൻ സർവീസ് തടസ്സമില്ലാതെ തുടരും. കൂടാതെ, കഴിഞ്ഞ ഒരാഴ്ചയായി മേട്ടുപ്പാളയം – കൂനൂർ ദേശീയപാതയിലെ ഗതാഗതവും പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണ്.




