NEWS

ശബരിമല തീർഥാടനം: തിരുവല്ലയിൽ എല്ലാ ട്രെയിനുകൾക്കും സ്റ്റോപ്പ്, അരവണ തപാൽ സേവനം ആരംഭിച്ചു

പത്തനംതിട്ട ∙ ശബരിമല ദർശനം നടത്തുന്നതിനായി വെർച്വൽ ക്യൂ അല്ലെങ്കിൽ സ്പോട്ട് ബുക്കിങ് നിർബന്ധമാണെന്നിരിക്കെ, ഇവയൊന്നുമില്ലാതെയും നിരവധി ഭക്തർ സന്നിധാനത്തെത്തുന്നുണ്ട്. നിലയ്ക്കൽ-പമ്പ പാതയിലൂടെ ഒരു ദിവസം 60,000 തീർഥാടകർക്കാണ് വെർച്വൽ ക്യൂ വഴി പ്രവേശനമനുവദിക്കുന്നത്. കൂടാതെ എരുമേലി കാനനപാത, വണ്ടിപ്പെരിയാർ-സത്രം വഴികളിൽ ഓരോന്നിലും പ്രതിദിനം 3,000 പേർക്ക് വീതം ഓൺലൈൻ ടിക്കറ്റുകൾ ലഭ്യമാണ്. ബുക്കിങ്ങിൽ രേഖപ്പെടുത്തിയ സമയത്തു തന്നെ ദർശനത്തിനെത്തണമെന്ന കാര്യത്തിൽ കർശന നിർദേശമുണ്ട്.

സ്പോട്ട് ബുക്കിങ് സൗകര്യം നിലയ്ക്കലിൽ 10,000 പേർക്കും, എരുമേലിയിലും വണ്ടിപ്പെരിയാർ-സത്രം റൂട്ടുകളിൽ ഓരോ സ്ഥലത്തും 2,000 പേർക്കും വീതം ഒരുക്കിയിട്ടുണ്ട്. ഇതിനായി തിരിച്ചറിയൽ രേഖയായ ആധാർ കാർഡോ അതിന്റെ പകർപ്പോ നിർബന്ധമായും കരുതണം. നിലവിലുള്ള സാഹചര്യത്തിൽ സ്പോട്ട് ബുക്കിങ്ങിനെത്തുന്ന എല്ലാവർക്കും പ്രവേശനം നൽകുന്നുണ്ട്. ഓൺലൈനായി ബുക്ക് ചെയ്തവർ മുഴുവൻ ദർശനത്തിന് എത്താറില്ലെങ്കിലും, ഈ മാസം 30 വരെയുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇതിനകം പൂർത്തിയായി കഴിഞ്ഞു.

തിരക്ക് നിയന്ത്രിക്കുന്നതിനായി പതിനെട്ടാംപടിയിൽ പ്രത്യേക പരിശീലനം സിദ്ധിച്ച 240 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. മിനിറ്റിൽ ചുരുങ്ങിയത് 72 പേരെങ്കിലും പടികയറുന്നുണ്ടെന്ന് ഇവർ ഉറപ്പാക്കുന്നു. പമ്പ മുതൽ സന്നിധാനം വരെ കൃത്യമായ ക്യൂ സംവിധാനമാണ് പൊലീസ് നടപ്പിലാക്കുന്നത്. മറ്റുള്ളവരെ മറികടന്ന് മുന്നിലെത്താൻ വേഗത്തിൽ നടക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകുന്നുണ്ടെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ വർഷം ഇത്തരത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം 48 തീർഥാടകരാണ് മരണപ്പെട്ടത്. ഇതൊഴിവാക്കാൻ ചിട്ടയായ ക്യൂ സംവിധാനത്തിലൂടെ മാത്രമേ തീർഥാടകരെ മലകയറാൻ അനുവദിക്കുന്നുള്ളൂ.

Fashion ⏭️

Back to top button